കോവിഡ്കാലം നാടകത്തിന് തിരശീലയിട്ടു, ഓട്ടോ ഓടിച്ച് ഉപജീവനം കണ്ടെത്തി മഞ്ജു

പത്തനംതിട്ട: കോവിഡ് കാലം മാറ്റി മറിച്ചത് പലരുടെയും ജീവിതങ്ങളാണ്. പലരുടെയും ജീവിത മാര്‍ഗങ്ങള്‍ക്കും കോവിഡ് കാലം തിരശീല ഇട്ടതോടെ അതിജീവനത്തിനായി പൊരുതുന്നവരാണ് ചുറ്റിനും. നാടക കലാകാരി ആയിരുന്ന മഞ്ജുവിന്റെ അവസ്ഥയും മറ്റൊന്നല്ല. നാടകം കഴിഞ്ഞ് വൈകുമ്പോള്‍ വീട്ടില്‍ തിരികെ എത്താന്‍ വേണ്ടിയായിരുന്നു മഞ്ജു ഓട്ടോറിക്ഷ വാങ്ങിയത്. എന്നാല്‍ കോവിഡ് ആയതോടെ നാടകങ്ങള്‍ ഇല്ലാതായി ഈ സമയം ഓട്ടോ ഉപജീവന മാര്‍ഗം ആക്കിയിരിക്കുകയാണ് മഞ്ജു.

ഇപ്പോള്‍ മുഴുവന്‍ സമയവും ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ് മഞ്ജു. ഓട്ടോ ഓടി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ദുരിതത്തിലായ സഹപ്രവര്‍ത്തകര്‍ക്കും മഞ്ജു എത്തിക്കുന്നുണ്ട്. കെപിഎസിയിലെ നാടകനടി ആണ് പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ മഞ്ജു. 15 വര്‍ഷമായി അഭിനയ ജീവിതം തുടരുകയാണ്. നാടകത്തിന് ശേഷം തിരികെ വീട്ടിലെത്താന്‍ വാഹനം ഇല്ലാതെയിരുന്ന മഞ്ജു കെപിഎസിയില്‍ നിന്നും നാടകത്തിന് ലഭിച്ച അഡ്വാന്‍സും കുറച്ച് സമ്പാദ്യവും കൂടി ചേര്‍ത്ത് വെച്ച് ഒരു ഓട്ടോ സ്വന്തമാക്കുകയായിരുന്നു.

നാടകത്തിന് ശേഷം സമിതിയുടെ വാഹനത്തില്‍ കായംകുളത്ത് എത്തിയാല്‍ പിന്നീട് വള്ളിക്കോട്ടെ വീട്ടിലേക്ക് പോകാന്‍ ബുദ്ധിമുട്ടായിരുന്നു. ഇതോടെയാണ് ഓട്ടോ എടുക്കാന്‍ മഞ്ജു തീരുമാനിക്കുന്നത്. പിന്നീട് കായംകുളത്ത് എത്തിയ ശേഷം സ്വന്തം ഓട്ടോ ഓടിച്ചാണ് മഞ്ജു വീട്ടിലേക്ക് പോയിരുന്നത്. എന്നാല്‍ ഓട്ടോ ഒരിക്കലും ഒരു ഉപജീവന മാര്‍ഗം ആക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല.

എന്നാല്‍ കോവിഡ് കാലമായതോടെ ലോക്ക്ഡൗണ്‍ നിലവില്‍ വരികയും നാടക വേദികള്‍ ഇല്ലാതെയും വന്നതോടെയാണ് ഉപജീവന മാര്‍ഗമായി ഓട്ടോ മാറിയത്. കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവലിന്റെ നാടകരൂപമായ ‘അവനവന്‍തുരുത്തി’ലെ കന്നി, ലിയോ ടോള്‍സ്റ്റോയിയുടെ ‘അന്ന അന്ന കരെനീനയുടെ നാടകരൂപമായ ‘പ്രണയസാഗര’ത്തിലെ ഗംഗ, ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന നാടകത്തിലെ ആയിഷ എന്നീ കഥാപാത്രങ്ങള്‍ അരങ്ങിലെത്തിച്ച മഞ്ജുവിന് അംഗീകാരങ്ങളും ലഭിച്ചു.