ആശങ്കയായി കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ‌് ബാധിച്ചത് 20,903 പേര്‍ക്ക്, മരിച്ചത് 379 പേര്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 20,903 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. പുതിയ രോഗികളുടെ എണ്ണത്തില്‍ ഒരുദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വര്‍ദ്ധനവാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 6.25 ലക്ഷമായി. 379 പേര്‍ 24 മണിക്കൂറിനിടെ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 18,213 ആയി.

കൊവിഡ് ബാധിച്ച്‌ രാജ്യത്ത് 2.27 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3.79 ലക്ഷം പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ 1.86 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 8178 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 1,86,626 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ ആദ്യമായി ഒരു ദിവസത്തെ കൊവിഡ് കേസുകള്‍ 4000 കടന്നു. 4343 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് രാജ്യത്തെ പ്രതിദിന കണക്ക് 20,000 കടന്നത്.

ഡല്‍ഹിയില്‍ ഇന്നലെ 2373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ദ്ധന രേഖപ്പെടുത്തി. കൂടുതല്‍ കൊവിഡ് രോഗികളുള്ള പ്രദേശങ്ങളിലൊന്നായ ഡല്‍ഹി എന്‍.സി.ആര്‍ മേഖലയ്ക്ക് കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കര്‍മ്മപദ്ധതിക്ക് തീരുമാനമായി.

യു.പി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകള്‍ കൂട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ഇരു സംസ്ഥാനങ്ങള്‍ക്കും ടെസ്റ്റിംഗിനായി കേന്ദ്രം കൂടുതല്‍ കിറ്റുകള്‍ നല്‍കും. രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റും. മൂന്നു സംസ്ഥാനങ്ങളിലെയും ചെറുകിട ആശുപത്രികള്‍ക്ക് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരില്‍ നിന്നും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഡല്‍ഹി ഉള്‍പ്പെടെ ദേശീയ തലസ്ഥാന മേഖല മുഴുവനായി നിലവില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട സാഹചര്യമാണുള്ളത്.