കൊവിഡ് വാക്‌സിന്‍ പാവങ്ങൾക്ക് സൗജന്യമാക്കാൻ പദ്ധതി

ദില്ലി: ലോകം കാത്തിരിക്കുന്ന കൊവിഡ് 19 വാക്‌സിന്‍ കണ്ടുപിടിക്കുന്നതോടെ വ്യാപകമായി ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ വലിയൊരു രോഗപ്രതിരോധ പദ്ധതി ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഇത് സൗജന്യമായി ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ മിഷന്‍ ഇന്ദ്രഥനുസ്, അഥവാ ദേശീയ പ്രതിരോധ പരിപാടി പ്രകാരം പ്രധാനമായും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വാക്‌സിന്‍ മൂലം മാറുന്ന 12 രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്. ചിലത് ദേശീയ തലത്തിലും ചിലത് താഴെ തലങ്ങളിലുമാണ് വിതരണം ചെയ്യുന്നത്.

ഇന്ത്യയുടെ പക്കല്‍ അടുത്ത ഒരു വര്‍ത്തേക്ക് 80000 കോടി രൂപയുണ്ടോ? എന്ന ചോദ്യവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനവാല രംഗത്തെത്തിയിരുന്നു. കൊവിഡ് ഷീല്‍ഡിന്റെ മൂന്നാംഘട്ട പരീക്ഷണം, സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. നേരത്തെ ഒരുമാസം മൂന്ന് കോടി പേര്‍ക്ക് എന്ന രീതിയില്‍ വാക്സിന്‍ നല്‍കിയാല്‍ തന്നെ രാജ്യം മുഴുവന്‍ പൂര്‍ത്തിയാകണമെങ്കില്‍ രണ്ട് വര്‍ഷമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെങ്കില്‍ ഇന്ത്യയ്ക്ക് ഒരു വര്‍ഷം 80000 കോടി രൂപ ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്ത ട്വീറ്റില്‍ ഇതാണ് ഇന്ത്യ നേരിടാന്‍ പോകുന്ന അടുത്ത ചലഞ്ച് എന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ 2021ന്റെ ആദ്യത്തോടെ കൊവിഡ് 19 നെതിരായ വാക്‌സിന്‍ എത്തിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനത്തിന് ഇടയില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രം കൊവിഡിനെതിരായ ദൈവത്തിന്റെ ഇടപെടലിന് വേണ്ടി കാത്തിരിക്കുകയല്ലെന്നും പരിഹാരം കണ്ടെത്താനുള്ള കഠിന പ്രയത്‌നത്തിലാണെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. കൊവിഡ് വാക്‌സിന്‍ അതിന്റെ സുരക്ഷയും ഗുണവും ആരോഗ്യമുള്ള സ്വമേധായാ തയ്യാറായവരില്‍ മാത്രമാണ് പരീക്ഷിക്കുന്നതെന്നും ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അവരില്‍ ഒരു വിഭാഗത്തെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെും വൈറോളജിസ്റ്റും ത്രിവേദി സ്‌കൂള്‍ ഓഫ് ബയോസയന്‍സിന്റെ ഡയറക്ടറുമായ ഷാഹിദ് ജമീല്‍ പറഞ്ഞു. മുതിര്‍ന്നവരില്‍ പരീക്ഷണം വിജയിക്കുന്നതോടെ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കും.