Home kerala ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ മന്ത്രിമാര്‍, ധനമന്ത്രി ബാലഗോപാലിന് കൈ കൊടുക്കാതെ ജിആര്‍ അനില്‍

ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ മന്ത്രിമാര്‍, ധനമന്ത്രി ബാലഗോപാലിന് കൈ കൊടുക്കാതെ ജിആര്‍ അനില്‍

തിരുവനന്തപുരം. ബജറ്റില്‍ സിപിഐ മന്ത്രിമാര്‍ക്ക് അതൃപ്തി. ബജറ്റില്‍ വകുപ്പുകള്‍ക്ക് ആവശ്യമായ തുക അനുവദിക്കാത്തതാണ് സിപിഐ മന്ത്രിമാരുടെ അതൃപ്തിക്ക് കാരണം. ബജറ്റ് അവതരണത്തിന് പിന്നാലെ സിപിഐ മന്ത്രി ജിആര്‍ അനില്‍ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്.

ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎന്‍ ബാലഗോപാലിന് കൈ കൊടുക്കാതെയാണ് അനില്‍ മടങ്ങിയത്. ജിആര്‍ അനിലിന്റെ വകുപ്പായ ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനത്തിനും വിപണി ഇടപെടലിനും പണം നീക്കിവെക്കാത്തതും സപ്ലൈകോയുടെ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഇല്ലാത്തതുമാണ് അതൃപ്തിക്ക് കാരണം.

ബജറ്റില്‍ സപ്ലൈകോയ്ക്ക് പത്ത് കോടി രൂപ മാത്രമാണ് അനുവദിച്ചത്. അതേസമയം മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ച തുകയും കുറഞ്ഞതായിട്ടാണ് വിലയിരുത്തല്‍. ബജറ്റിലെ അവഗണനയില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തി എഐടിയുസിയും രംഗത്തെത്തിയിട്ടുണ്ട്.