സജി ചെറിയാന്റെ പ്രസംഗം അനുചിതം; കോടതിയില്‍ തിരിച്ചടി നേരിടും; പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് സിപിഐ

വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ വിമര്‍ശനവുമായി സിപിഐ. ഭരണഘടനയ്്‌ക്കെതിരായ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്ന് സിപിഐ നേതൃത്വം വിലയിരുത്തുന്നു. ആരെങ്കിലും ഈവിഷയവുമായി കോടതിയെ സമീപിച്ചാല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് സിപിഐ വ്യക്തമാക്കി.

സജി ചെറിയാന്റെ പ്രസംഗത്തിലെ ഭരണഘടനവിരുദ്ധ പരാമര്‍ശങ്ങള്‍ നാക്കുപിഴയാണെന്ന് പറഞ്ഞ് സിപിഐഎം നേതാക്കള്‍ ന്യായീകരിച്ചിരുന്നു. പ്രസംഗത്തിലെ പരാമര്‍ശം നിയമപ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്ന് സിപിഐ വിലയിരുത്തുത്തിയതിനാലാണ് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചത്.

സജി ചെറിയാന്റെ പ്രസംഗത്തെ ന്യായീകരിച്ച് ഇതിനിടെ എംവി ജയരാജനും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ചുവെന്നാണ് എംവി ജയരാജന്റെ പ്രതികരണം. പ്രസംഗത്തെ കോണ്‍ഗ്രസ് ആയുധമാക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ജനപ്രതിനിധികള്‍ ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലര്‍ത്തുന്നവരായിരിക്കണമെന്ന് ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചു. വിവാദപ്രസംഗത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയന്‍ സജി ചെറിയാനോട് വിശദീകരണം ചോദിച്ചതായി അറിഞ്ഞെന്നും ഗവര്‍ണര്‍ പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സജി ചെറിയാന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടന ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്നുവെന്ന് ഉള്‍പ്പെടെയുള്ള ഗുരുതര പരാമര്‍ശങ്ങളായിരുന്നു മന്ത്രിയുടെ പ്രസംഗത്തിലെ ഉള്ളടക്കം.

എന്നാല്‍ പ്രസംഗം വിവാദമായതോടെ താന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്നും ഭരണഘടനയുടെ അന്തഃസത്ത തകര്‍ക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെന്നും സജി ചെറിയാന്‍ പ്രതികരിച്ചു. തൊട്ടുപിന്നാലെ മന്ത്രിക്ക് താങ്ങായി സിപിഐഎം നേതൃത്വം രംഗത്തെത്തുകയും ചെയ്തു.