മാലിന്യ സംസ്‌കരണത്തിന് സ്വകാര്യ കമ്പനികള്‍ വേണ്ടെന്ന് സിപിഐ

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്ന് സിപിഎമ്മിലും സിപിഐലും ഭിന്നത. ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണത്തിന് ഇനി സ്വകാര്യ കമ്പനികളെ വേണ്ടെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി കെഎ ദിനകരന്‍ പറയുന്നത്. സര്‍ക്കാരിന് കോടികളുടെ നഷ്ടംഉണ്ടാക്കുന്ന കമ്പനികളെ ഇനിയെങ്കിലും തിരിച്ചറിയണം.

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളെ മാലിന്യ സംസ്‌കരണത്തിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനുള്ള കരാര്‍ ഏറ്റെടുക്കുവാന്‍ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും തയ്യാറാണ്. എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്‍ നടപടി വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനികള്‍ സര്‍ക്കാരിന്റെ പണം നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ കമ്പനികള്‍ക്കെതിരെ നിരവധി പരാതികള്‍ ഉണ്ട്. സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും ഇത് കണ്ടില്ലെന്ന് നടിക്കുന്നു. തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ച അന്വേഷണം വിജിലന്‍സ് കാര്യക്ഷമമായി നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.