പോലീസ് തൊപ്പി വെച്ച് സ്റ്റേഷനില്‍ സിപിഎം നേതാവിന്റെ സെല്‍ഫി, വിവാദം

തൃശൂര്‍: ചാലക്കുടി പോലീസ് സ്റ്റേഷനില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത സി പി എം പ്രവര്‍ത്തകന്‍ പോലീസ് തൊപ്പി വെച്ച് സെല്‍ഫി എടുത്തു. ചിത്രം പുറത്ത് എത്തിയതോടെ സംഭവം വന്‍ വിവാദം ആയിരിക്കുക ആണ്. ചാലക്കുടിയിലെ സി പി എം പ്രവര്‍ത്തകന്റെ ഫേസ്ബുക്കിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്.

പുതുവര്‍ഷ രാത്രിയില്‍ ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നിയമം ലംഘിച്ച് പലരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പല ഇടങ്ങളിലും ബഹളമുണ്ടാക്കിയവരേയും പോലീസ് കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു. സ്റ്റേഷനുള്ളില്‍ തിരക്ക് കൂടിയപ്പോള്‍ കുറച്ചു പേരെ പുറത്തിരുത്തി. ഇവരില്‍ ഒരാള്‍ നിര്‍ത്തിയിട്ട ജീപ്പില്‍ നിന്നു തൊപ്പിയെടുത്ത് സെല്‍ഫി എടുക്കുക ആയിരുന്നു. പൊലീസ് സ്റ്റേഷനിലാണ്, ‘ഞെട്ടലില്‍’ എന്ന് ചിത്രത്തോട് ഒപ്പം കുറിച്ചിട്ടും ഉണ്ട്.

ചിത്രം ഫേസുബ്ക്കില്‍ പ്രത്യക്ഷപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇടപ്പെട്ടു. ഫേസബുക്കില്‍ നിന്നു ചിത്രം നീക്കം ചെയ്തു. ഇതിനിടെ, പൊലീസ് സ്റ്റേഷനില്‍ സി പി എം പ്രവര്‍ത്തകന്‍ പൊലീസ് തൊപ്പിയണിഞ്ഞ് ഫോട്ടോയെടുത്ത വിവരം സ്‌പെഷല്‍ ബ്രാഞ്ചിന് വിവരം കിട്ടി. ഇതേപ്പറ്റി അന്വേഷിച്ച് സംസ്ഥാന, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി. സ്റ്റേഷനുള്ളില്‍ സി പി എം പ്രവര്‍ത്തകര്‍ക്കുള്ള സ്വാധീനത്തിന്റെ തെളിവാണ് ഈ ചിത്രങ്ങളെന്ന് കാട്ടി കോണ്‍ഗ്രസ് ഗ്രൂപ്പുകളിലും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംയുക്ത സമരസമിതി നടത്തിയ ഹര്‍ത്താലിനെ പിന്തുണയ്ക്കുകയും അലന്‍താഹ വിഷയത്തില്‍ യുഎപിഎ ചുമത്തിയതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തതിനു സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. സിപിഎം നാദാപുരം ഏരിയയിലെ വളയം ലോക്കല്‍ കമ്മിറ്റിയിലെ നിരവ് ബ്രാഞ്ച് അംഗമായ അഭി വളയത്തെയാണ് പാര്‍ട്ടി അംഗത്വത്തില്‍നിന്നു പുറത്താക്കിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അഭി വളയം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നവമാധ്യമങ്ങളിലെ ഇടപെടല്‍ പാര്‍ട്ടി വിരുദ്ധവും പാര്‍ട്ടി അംഗത്തിന് യോജിക്കാത്തതുമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തതെന്നാണ് അഭി വളയം പറയുന്നത്.

സിപിഎം പാര്‍ട്ടി മെബര്‍ഷിപ്പില്‍ നിന്നു എന്നെ പുറത്താക്കിയ വിവരം ഞാന്‍ നിങ്ങളെ അറിയിച്ചുകൊള്ളുന്നു എന്ന വരികളോടെയാണ് അഭി വളയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. അഭിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: നവമാധ്യമങ്ങളിലെ ഇടപെടല്‍ പാര്‍ട്ടി വിരുദ്ധവും പാര്‍ട്ടി അംഗത്തിന് യോജിക്കാത്തതുമാണെന്നു തന്നെ പുറത്താക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. കഴിഞ്ഞ കുറച്ചുകാലമായി അതിന് മാത്രം ഞാന്‍ എന്ത് ഇടപെടലാണ് നടത്തിയത് എന്ന് ഓര്‍ത്തപ്പോഴാണ് കാര്യം പിടികിട്ടിയത്. ഫേസ്ബുക്കാണ് പ്രശ്‌നം. എന്‍ആര്‍സി, സിഎഎ പിന്‍വലിക്കുക എന്ന ആവശ്യം മുന്‍നിര്‍ത്തി സംയുക്ത സമിതി കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. അതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്നേദിവസം ഹര്‍ത്താല്‍ വളയം അങ്ങാടിയില്‍ വിജയിച്ചിരുന്നു.

വിരലിലെണ്ണാവുന്ന കടകള്‍ മാത്രമായിരുന്നു തുറന്ന് പ്രവര്‍ത്തിച്ചത്. അതും ഞാന്‍ പോസ്റ്റ് ചെയ്തു. അപ്പോള്‍ തന്നെ അത് വലിയ ചര്‍ച്ച ആയിരുന്നെന്ന് പിന്നീട് അറിഞ്ഞു. അത് എസ് ഡിപി ഐ ഹര്‍ത്താല്‍ അല്ലെ അവന്‍ എങ്ങനെയാ സപ്പോര്‍ട്ട് ചെയ്യുക. അതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ട്. പിന്നെ മറ്റൊരു വിഷയം അലനേയും താഹയേയും നിരുപാധികം മോചിപ്പിക്കുക, യുഎപിഎ പിന്‍വലിക്കാനും ഒരുപാട് പോസ്റ്റ് ഞാന്‍ പിന്നീട് ഇട്ടിരുന്നു. ഇതാണ് പാര്‍ട്ടി വിരുദ്ധം എന്ന് പറയുന്നത്. യുഎപിഎ വിഷയത്തില്‍ സിപിഎം നിലപാട് എന്താണ്?. പാര്‍ട്ടി വിരുദ്ധമാവണമെങ്കില്‍ പാര്‍ട്ടി നിലപാട് എന്താണന്ന് വ്യക്തമാവണ്ടേ. ഇതൊക്കെയാണ് പ്രധാനകാരണങ്ങളാവാന്‍ സാധ്യത. എന്‍ആര്‍സി, സിഎഎയ്‌ക്കെതിരേ ഒരു മുദ്രാവാക്യം വിളിച്ചാല്‍ പോലും പാര്‍ട്ടി വിരുദ്ധമാവുന്നു. നവമാധ്യമങ്ങളില്‍ മാത്രമല്ല പുറത്തും എനിക്ക് ഇതേ നിലപാടുകള്‍ തന്നെയാണ് ഉള്ളത്. അതിന് ഇപ്പോള്‍ എന്നെ എവിടുന്ന് പുറത്താക്കിയാലും എനിക്ക് ഒരു പുല്ലും സംഭവിക്കില്ല.

രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ തച്ചുതകര്‍ക്കുബോള്‍ അതിനെതിരേ തെരുവുകളില്‍ പോരാടുന്നവരോടപ്പം കൂടെയുണ്ടാവും. അതിന് ഒരു പ്രത്യയശാസ്ത്രവും മറിച്ചുനോക്കാനും ആഗ്രഹിക്കുന്നില്ലെന്നും അഭി വളയം ഫേസ്ബുക്കില്‍ കുറിച്ചു.