Home kerala ചാക്കിൽകയറി ഓട്ടം മത്സരത്തിൽ പങ്കെടുത്തില്ല, സിപിഎം വനിതാ നേതാവിന്റെ മകനെ എസ്എഫ്ഐ നേതാക്കൾ തല്ലിച്ചതച്ചു

ചാക്കിൽകയറി ഓട്ടം മത്സരത്തിൽ പങ്കെടുത്തില്ല, സിപിഎം വനിതാ നേതാവിന്റെ മകനെ എസ്എഫ്ഐ നേതാക്കൾ തല്ലിച്ചതച്ചു

തിരുവനന്തപുരം: സിപിഎം വനിതാ നേതാവിന്റെ മകനെ വളഞ്ഞിട്ട് ആക്രമിച്ച് തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിലെ എസ്എഫ്‌ഐ നേതാക്കൾ. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ്.ബിന്ദുവിന്റെ മകൻ ആദർശിനാണു പരുക്കേറ്റത്. തടിക്കഷണം കൊണ്ടുള്ള ക്രൂരമായ മർദനത്തിൽ താടിയെല്ലു പൊട്ടി ഗുരുതരമായി പരുക്കേറ്റ ആദർശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോളജിൽ എസ്എഫ്‌ഐ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ ചാക്കിൽകയറി ഓട്ടം മത്സരത്തിൽ നിന്നും ആദർശ് പിന്മാറിയതാണ് മർദ്ദനത്തിന് കാരണം. ക്ലാസിലെത്തിയ ആദർശിനെ പിന്തുടർന്നെത്തിയ എസ്എഫ്‌ഐ നേതാക്കൾ മർദ്ദിക്കുകയായിരുന്നു.

കോളജിലെ മുൻ വിദ്യാർഥികളും എസ്എഫ്ഐ യൂണിറ്റ് മുൻ ഭാരവാഹികളുമായ അമ്പലമുക്ക് സ്വദേശി നസീം, നെല്ലിമൂട് സ്വദേശി ജിത്തു, കരമന സ്വദേശി സച്ചിൻ എന്നിവർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസ് എടുത്തു. പ്രതികൾ തടിക്കഷണം കൊണ്ട് മുഖത്ത് അടിക്കുകയും ശേഷം പിന്നീട് ക്ലാസിനു പുറത്തേക്കു പിടിച്ചുകൊണ്ടുവരികയും കസേരയിലിരുത്തി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

24 ന് വൈകീട്ടായിരുന്നു സംഭവം. ചികിത്സയിലായിരുന്ന ആദർശ് ആശുപത്രി വിട്ട ശേഷം കന്റോൺമെന്റ് സ്‌റ്റേഷനിലെത്തി എസ്എഫ്‌ഐ നേതാക്കൾക്കെതിരെ പരാതി നകിയത്. മർദ്ദിക്കാൻ 10 ൽ അധികം ആൾക്കാർ ഉണ്ടായിരുന്നെന്നും മറ്റു പ്രതികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

എസ്എഫ്‌ഐ നേതാക്കളായ ആക്രമികൾ കോളേജിൽ നിന്നും 5 വർഷം മുൻപേ പഠനകാലാവധി കഴിഞ്ഞവരാണ്. എന്നിരുന്നാലും ഇവർ സ്ഥിരം കോളേജിൽ എത്താറുണ്ട്. ഇത്തം ആഘോഷങ്ങൾ വരുമ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഇവരാണെന്നാണ് വിവരം.