ശബരിമലയിൽ യുവതീ പ്രവേശനം കടുത്ത നടപടി സ്വീകരിക്കില്ല

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതോടെ ശബരിമല വിഷയത്തിലെ നിലപാടില്‍ നിന്നും സിപിഎം പുറകോട്ട് പോരുകയാണ്. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷമാണ് പുതിയ നിലപാട്. ശബരിമല വിഷയത്തില്‍ ഇനിയും ഉറച്ച് നിന്നാല്‍ ഇനിയും കനത്ത തിരിച്ചടിക്ക് കാരണമാകുമെന്നാണ് ഉയരുന്ന വികാരം.

സുപ്രീം കോടതിയില്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയുടെ വിധി കൂടി സിപിഎം കാത്തിരിക്കുന്നുണ്ട്. വിധി നടരപ്പാക്കാനായി ഇനി തീവ്ര നിലപാടുകള്‍ പിന്തുടരേണ്ട ആവശ്യമില്ലെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. ശബരിമല പ്രശ്‌നം ലിംഗനീതിയുടേതാണ് എന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് പാര്‍ട്ടി പറയുന്നത്. എന്നാല്‍, ശബരിമല ക്ഷേത്രത്തില്‍ യുവതികളെ കയറ്റാന്‍ വേണ്ടി കടുംപിടുത്തം ഉണ്ടാകില്ല. മലകയറാന്‍ സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമീപിച്ചാല്‍ ഭരണഘടനാബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമായി പൊലീസ് സംരക്ഷണം നല്‍കുന്നത് തുടരും. എന്നാല്‍, ഭക്തരുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉണ്ടായാല്‍ പൊലീസ് തന്നെ അവരെ തിരിച്ചിറക്കുകയും ചെയ്യും.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമലയില്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കവും അമിതാവേശവും തിരിച്ചടിയായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സ്ത്രീ വോട്ടുകള്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ട് പോയെന്നും ഇത് കോണ്‍ഗ്രസിന് തന്നെ ലഭിച്ചെന്നും വിലയിരുത്തുന്നു. വിശ്വാസികളുടെ തെറ്റിദ്ധാരണ തീര്‍ക്കാന്‍ നടപടിയുണ്ടാകുമെന്ന് സംസ്ഥാന സമിതിക്കുശേഷം കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് നേതാക്കള്‍ തന്നെ നേരിട്ട് ജനങ്ങളിലേക്കിറങ്ങും. സിപിഐ അടക്കമുള്ള ഘടകക്ഷികളുടെ അവലോകന യോഗങ്ങളിലും ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു.

ശബരിമലയിയുടെ പേരില്‍ നഷ്ടമായ പരമ്പരാഗത വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ സാധാരണ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തനം നടത്താനാണ് പാര്‍ട്ടി നീക്കം.