ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ്

സോഷ്യൽ മീഡിയ താരവും ഡിവൈഎഫ്‌ഐ നേതാവുമായ ശ്രീകാന്ത് വെട്ടിയാർക്ക് എതിരെ ഗുരുതര ആരോപണം ഉയർന്നിരുന്നു. വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് രണ്ടാമത്തെ ആരോപണവും ഉയർന്നിരിക്കുന്നത്. ശ്രീകാന്ത് വെട്ടിയാർ ഫോൺ സെക്സിന് നിർബന്ധിച്ചിട്ടുണ്ടെന്നാണ് പരാതി വന്നിരുന്നത്. വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന ആവശ്യവും സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായിയിരുന്നു.

ഇപ്പോഴിതാ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ് എടുത്തിരിക്കുകയാണ്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ് ഐ ആർ റിപ്പോർട്ട്. ആലുവയിലെ ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചതായും എഫ്‌ഐആർ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഒളിവിലായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പീഡന അനുഭവം ആരോടും ഇത് പറയാതെ ഇരിക്കാൻ വിവാഹ വാഗ്ദാനം നൽകി. അതിൽ വഴങ്ങില്ല എന്നു കണ്ടപ്പോൾ ഭീഷണിയും പതിവായതായി യുവതി പങ്കുവച്ച കുറിപ്പിൽ പറയുന്നു. ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാർ എന്ന നടനെ ആണ് താൻ കണ്ടതെന്നും അനുഭവങ്ങൾ മുൻനിർത്തി പീഡനത്തിനിരയായ യുവതി പറയുന്നു. ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോ​ഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞും അമ്മയ്ക്ക് ‘ഭ്രാന്ത് ‘(അയാൾ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാർ സിമ്പതി നേടാൻ തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും ആരോപിക്കുന്നു. Women Against Sexual Harassment അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി എത്തിയിരുന്നു.