പിണറായിയുടെ പക തീരുന്നില്ല, ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ റെയ്ഡ്

പിണറായിക്കെതിരെ പരിഹാസം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം നന്ദകുമാർ കഴിഞ്ഞ ദിവസം അറസ്റ്റിലാവുകയും പിന്നാലെ ജാമ്യം കിട്ടി പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഇപ്പോളിതാ പിണറായിക്കെതിരെ വാർത്ത നൽകിയതിൻ്റെ പേരിൽ ക്രൈം നന്ദകുമാറിനെതിരെ പ്രതികാര നടപടി നടക്കുകയാണ്, കൊച്ചി ക്രൈം ഓഫീസിൽ പോലീസ് റെയ്ഡ് തുടരുകയാണ്, 8 കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു.

ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ഇട്ട കേസിൽ ഒരു പകൽ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ശേഷം നന്ദകുമാറിന് ജാമ്യം അനുവദിക്കുകയായിരുന്നു. നന്ദകുമാറിനെതിരേ ഐ.പി.സി 505 വകുപ്പ് 2 ഉപ വകുപ്പും ചേർത്തായിരുന്നു എഫ് ഐ ആർ ഇട്ടിരുന്നത്. പൊതുജനങ്ങൾക്കിടയിൽ മുഖ്യമന്ത്രിയേ വിമർശിച്ച് ലഹള ഉണ്ടാക്കാനും ജനങ്ങളേ ഭയപ്പെടുത്താനും കാരണമായി എന്നായിരുന്നു നന്ദകുമാറിനെതിരെയുള്ള കുറ്റാരോപണം.

നന്ദകുമാർ വീഡിയോയിൽ പറഞ്ഞത് സിൽവർ ലൈൻ പദ്ധതിക്കായി 200 കോടി ഖജനാവിൽ നിന്നും പിണറായി മുടിച്ചു എന്നും ഇത് പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നതാണോ എന്നും ആയിരുന്നു. ഈ പണം പിണറായിയുടെ പിതാവ് കോരൻ ഉണ്ടാക്കിയതാണോ എന്നും സിൽവർ ലൈനിനായി ധൂർത്തടിച്ച പണം പിണറായിയുടെ തറവാട്ടിൽ നിന്നും കൊണ്ടുവന്നതാണോ എന്നും ആയിരുന്നു നന്ദകുമാർ ചോദിച്ചത്.

പിണറായിയെ ‘നീ’ എന്നും ‘എടോ’ എന്നും നന്ദകുമാർ വിളിച്ചിരുന്നു. തന്ത എന്ന് വാക്ക് ഉപയോഗിച്ചായിരുന്നു പിണറായിയുടെ പിതാവ് കോരനേ വിളിച്ചത്. കെ റെയിലിനു വേണ്ടി ചിലവാക്കിയ 200 കോടി പാവങ്ങളുടെ നികുതി പണം ആണെന്നും നന്ദകുമാർ പറഞ്ഞു എന്ന് എഫ് ഐ ആറിൽ പറയുന്നു. ഇതിന്റെ ശാപം പിണറായി വിജയന്റെ മക്കളും മറ്റും ഭാവിയിൽ അനുഭവിക്കും എന്നും എഫ് ഐ ആറിൽ പറയുന്നു. എടാ തെണ്ടീ താൻ എന്താണ്‌ വിചാരിച്ചത് എന്ന് മുഖ്യമന്ത്രിയേ നന്ദകുമാർ പരിഹസിച്ചു എന്നും എഫ് ഐ ആറിൽ പറയുന്നു.

ഇത്തരം വാക്കുകൾ ഉപയോഗിച്ച് പൊതു ജനങ്ങളേ ഭയപ്പെടുത്തി എന്നും അതുവഴി നാട്ടിൽ ലഹള നടത്തി കുറ്റം ചെയ്യണം എന്ന ഉദ്ദേശത്തോടെ നന്ദകുമാർ പ്രവർത്തിച്ചതെന്നും ആയിരുന്നു എഫ് ഐ ആർ. ഇത്തരം ഒരു കേസിൽ മുഖ്യമന്ത്രിയേ പരിഹസിച്ചു എന്ന് പരാതി ഉണ്ടേൽ അത് എങ്ങിനെ ലഹള നടത്താനുള്ള കുറ്റമായി വകുപ്പിടാനാകും? എന്നാണു നിയമ വിദഗ്ധർ ചോദിക്കുന്നത്