വിമാനത്താവളപരിസരത്ത് കേന്ദ്ര സര്‍ക്കാര്‍ മുദ്രയുള്ള വാഹനത്തില്‍ ക്രിമിനല്‍ സംഘത്തിന്റെ കറക്കം, രണ്ട് പേർ അറസ്റ്റിൽ

കരിപ്പൂർ : കേന്ദ്രസർക്കാരിന്റെ വ്യാജസ്റ്റിക്കർ പതിച്ചെത്തിയ വാഹനത്തിൽ കോഴിക്കോട് വിമാനത്താവളപരിസരത്ത് ചുറ്റിത്തിരിഞ്ഞവരെ പോലീസ് പിടികൂടി. കണ്ണൂർ കക്കാട് ഫാത്തിമ മൻസിലിൽ കെ.പി. മജീസ് (28), അങ്കമാലി കോളോട്ടുകുടി ടോണി ഉറുമീസ് (34) എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലു പേർ ഓടി രക്ഷപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ അഞ്ചോടെയാണ് സംഭവം.
അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളിയും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

സുഹൃത്തിനെ യാത്രയയക്കാനാണ് തങ്ങളെത്തിയതെന്ന് ഇവർ പറഞ്ഞെങ്കിലും അതു തെളിയിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വ്യാജസ്റ്റിക്കർ പതിച്ച വാഹനവുമായി ഇവർ കരിപ്പൂരിലെത്തി സംശയാസ്‌പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നാല് പേർ ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ മജീസ് 2021-ൽ രാമനാട്ടുകരയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയാണ്.

പിടിയിലായ ടോണി അയ്യംപുഴ പോലീസ്‌സ്റ്റേഷൻ പരിധിയിൽ കാപ്പ ചുമത്തി തൃശ്ശൂർ ജില്ലയിൽനിന്ന് നാടുകടത്തപ്പെട്ടയാളാണ്. സ്വർണം കടത്തുന്ന സംഘത്തിൽനിന്ന് സ്വർണം തട്ടിയെടുക്കാനെത്തിയ അർജുൻ ആയങ്കിയോടൊപ്പം അന്ന്‌ ഇയാളുമുണ്ടായിരുന്നു. ഇവരെ തടയാനെത്തിയ ഗുണ്ടാസംഘത്തിലെ അഞ്ചുപേരാണ് രാമനാട്ടുകരയിൽ വാഹനം മറിഞ്ഞു മരിച്ചത്. കേസിലെ അറുപത്തിയെട്ടാം പ്രതിയാണ് ഇയാൾ.