മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും പൊലീസ് സേന നിരന്തരം സര്‍ക്കാരിനെ നാണം കെടുത്തുന്നു; സിപിഎം ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം

മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും പൊലീസ് സേന നിരന്തരം സര്‍ക്കാരിനെ നാണം കെടുത്തുന്നുവെന്ന് സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം. തൈക്കാട് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധികളാണ് പിണറായിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി സംസാരിച്ചത്. അഭ്യന്തരവകുപ്പിലെ വീഴ്ചകള്‍ മുന്‍നിര്‍ത്തിയാണ് സമ്മേളനത്തിനിടെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. മന്ത്രിമാരുടെ ഓഫീസില്‍ കൊണ്ടുവന്ന മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്നും ആരോപണ വിധേയരെ ഇത്തവണയും നില നിര്‍ത്തിയത് എന്തിനാണെന്നും വിമര്‍ശനമുണ്ടായി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് ജില്ലാ നേതൃത്വം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തിയ സീനിയര്‍ നേതാവ് എം.വിജയകുമാറാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.