മുതലയെ കൂട്ടിൽ നിന്ന് പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ അകത്ത് അകപ്പെട്ട് വൃദ്ധൻ, ബാക്കിയായത് ശരീരഭാഗങ്ങൾ മാത്രം

Crocodile in the swamp

നോം പെൻ : മുതലയെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ വൃദ്ധന് ദാരുണാന്ത്യം. കംബോഡിയയുടെ തലസ്ഥാനമായ നോം പെന്നിലാണ് സംഭവം. കൂട്ടിൽ മുട്ടയിട്ട് ഇരിക്കുകയായിരുന്ന മുതലയെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ വൃദ്ധനെ മുതല കൂട്ടിലേക്ക് വലിച്ചിട്ടു. കുടുംബ ഉടമസ്ഥതയിലുള്ള മുതല ഫാമിൽവച്ചാണ് അപകടം ഉണ്ടായത്.

കൂട്ടിൽ മുട്ടയിട്ട മുതലയെ പുറത്തിറക്കുന്നതിന് നീളമുള്ള തോട്ടി കൊണ്ട് തട്ടി നീക്കാൻ വൃദ്ധൻ ശ്രമിച്ചു. വടിയിൽ പിടിമുറുക്കിയ മുതല അതിൽ പിച്ച് അകത്തേയ്ക്ക് വൃദ്ധനെ വലിച്ചിട്ടു. ഇതോടെ കൂട്ടിലെ മറ്റ് മുതലകളും വൃദ്ധനെ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വൃദ്ധന്റെ ശരീരാവശിഷ്‌ടങ്ങൾ കൂട്ടിൽ നിന്നും പുറത്തെടുത്തു.

വൃദ്ധന്റെ ഒരു കൈ മുതലകൾ വിഴുങ്ങിയതായും പൊലീസ് സ്ഥിരീകരിച്ചു. മുൻപും സമാനമായ സംഭവം ഇതേ സ്ഥലത്ത് ഉണ്ടായിട്ടുണ്ട്. 2019ൽ ഒരു രണ്ട് വയസുകാരിയെ മുതലകൾ ഭക്ഷിച്ചതും ഇതേ ഗ്രാമത്തിൽ വച്ചായിരുന്നു. കുട്ടിയുടെ കുടുംബം നടത്തുന്ന മുതല ഫാമിൽ വച്ചുതന്നെയായിരുന്നു അപകടം ഉണ്ടായത്. ഇവിടെ മുതലയുൾപ്പടെ വിവിധ ഉരഗങ്ങളെ മുട്ടയ്‌ക്കും ത്വക്കിനും മാസംസത്തിനും വേണ്ടി ജനങ്ങൾ വളർത്താറുണ്ട്.