സംഘർഷ സാധ്യത തുടരുന്നു; ആലപ്പുഴയിൽ നിരോധനാജ്ഞ നീട്ടി

ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച രാവിലെ ആറ് മണി വരെ നിരോധനാജ്ഞ നീട്ടിയത്.

ഇരുകൊലപാതകങ്ങളുമായും ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. രഞ്ജിത്തിന്റെ കൊലപാതകത്തിൽ 12 പേർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. നിരവധി പേരെ ചോദ്യം ചെയ്ത് വരികയാണ്. ഏതുനിമിഷവും അറസ്റ്റ് ഉണ്ടാകുമെന്ന വിവരവും പോലീസ് നൽകുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ടായിരുന്നു കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം. മുപ്പതോളം മുറിവുകൾ രഞ്ജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. ആഴത്തിലുള്ള ഇരുപതിലധികം മുറിവുകളാണ് മരണത്തിന് കാരണമായത്. തലയിലും കഴുത്തിലുമേറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.