ധീരജിന്റെ കൊലപാതകം; പ്രതികൾക്കായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി പൊലീസ്

എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. പൊലീസ് പ്രതികളെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. ഇടുക്കി ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

കേസിൽ റിമാൻറിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയയും പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിൻറെ ആവശ്യം. ധീരജിന്റെ കൊലപാതകത്തിലെ കൂടുതൽ അന്വേഷണങ്ങൾക്കായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ ധീരജ് രാജേന്ദ്രന്റെ കൊലപാതകം കെ സുധാകരൻ ന്യായീകരിക്കുകയാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. കെ പി സി സി പ്രസിഡന്റ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ഡി വൈ എഫ് ഐ വിമർശനം ഉന്നയിച്ചു. ഇടുക്കി കെ എഫ് ബ്രിഗേഡ് തലവനാണ് നിഖിൽ പൈലിയെന്ന് വി കെ സനോജ് പറഞ്ഞു. ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും വി കെ സനോജ് അറിയിച്ചിരുന്നു.