വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ കുട്ടിയെ ഹാജരാക്കാൻ സിഡബ്ല്യൂസി ഉത്തരവ്

കൊച്ചി. കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ കുട്ടിയെ ഹാജരാക്കാൻ സിഡബ്ല്യൂസി ഉത്തരവ്. തിങ്കളാഴ്ച ഹാജരാക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്. നിയമവിരുദ്ധമായാണ് കുട്ടിയെ ദത്ത് നൽകിയതെന്ന് സി.ഡബ്ല്യൂ.സി. കണ്ടെത്തി. തൃപ്പുണിത്തുറയിലെ ദമ്പതികളുടെ കൈവശമാണ് കുട്ടി ഇപ്പോൾ ഉള്ളത്.

ഇവരെ കണ്ടെത്തി കുട്ടിയെ അടിയന്തരമായി ഹാജരാക്കാനാണ് നിർദ്ദേശം. കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ തൃപ്പുണിത്തുറ വടക്കേക്കോട്ട സ്വദേശികളായ ദമ്പതികൾ ഒളിവിൽ പോയെന്നാണ് പോലീസ് അറിയിക്കുന്നത്. ആറ് മാസം പ്രായമായ കുട്ടിയെ ദമ്പതികൾ ദത്തെടുത്തത് നിയമവിരുദ്ധമായാണെന്നാണ്‌ സിഡബ്ല്യൂസി കണ്ടെത്തൽ.

നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് സമ്പാദിക്കാനായാണ് വ്യാജ സർട്ടിഫിക്കറ്റിനുള്ള ശ്രമം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ദമ്പതികളും കേസിൽ പ്രതികളാവും. മെഡിക്കൽ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ അനിൽ കുമാറിന് പുറമേ കൂടുതൽപ്പേർ കേസിൽ പ്രതിചേർക്കപ്പെടും.