സൈബര്‍ക്രൈം തട്ടിപ്പ്; മൂന്നുവര്‍ഷത്തിനിടെ തിരിച്ചെടുത്തത് പന്ത്രണ്ട് കോടിയെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് 2018 മുതല്‍ സൈബര്‍ക്രൈം പണം തട്ടിപ്പില്‍ നിന്ന് പന്ത്രണ്ട് കോടിയോളം രൂപ തിരിച്ചെടുത്തതായി കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. പണം തട്ടിയെടുത്തുന്ന സൈബര്‍ക്രൈം സംഘങ്ങളില്‍ നിന്നാണ് വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ഇത്ര വലിയതുക നഷ്ടപ്പെടാതെ ജനങ്ങള്‍ക്ക് തിരികെ ലഭിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴില്‍ 2018ല്‍ സ്ഥാപിതമായ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ 2020ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉദ്ഘാടനം ചെയ്തത്. സൈബര്‍ തട്ടിപ്പുകള്‍ ധാരാളമായി നടക്കുന്ന ഇന്ത്യയില്‍, പണം നഷ്ടമാകുന്ന ഇത്തരം തട്ടിപ്പുകളില്‍ പെട്ടാല്‍ ഈ സംഘത്തിലാണ് വിവരമെത്തുക. തുടര്‍ന്ന് അന്വേഷണങ്ങള്‍ക്കൊപ്പ ഉപഭോക്താവിന് നഷ്ടമായ തുക തിരികെ നല്‍കും. ഈ രീതിയില്‍ 2018 വരെയുള്ള കണക്കനുസരിച്ചാണ് 12 കോടിയോളം രൂപയാണ് തിരികെ ലഭിച്ചത്.

‘രാജ്യത്ത് നടക്കുന്ന സൈബര്‍ തട്ടിപ്പുകളില്‍ 60 ശതമാനവും പണം തട്ടിയെടുക്കുന്നവയാണ്. മൂന്നുവര്‍ഷം എന്ന ചുരുങ്ങിയ കാലയളവുകൊണ്ടാണ് ഇത്രയധികം രൂപ നഷ്ടപ്പെട്ടവര്‍ക്ക് തിരികെ നല്‍കാനായത്. സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ പ്രവര്‍ത്തന മികവാണിത്’. കേന്ദ്ര ആഭ്യന്തര മന്ത്രാലയ അഡിഷണല്‍ സെക്രട്ടറി ഗോവിന്ദ് മോഹന്‍ പറഞ്ഞു.