ഒഡിഷയും പശ്ചിമബംഗാളിലും കനത്ത നാശം വിതച്ച് യാസ് ചുഴലിക്കാറ്റ്

ഒഡിഷയും പശ്ചിമബംഗാളിലും കനത്ത നാശം വിതച്ച് യാസ് ചുഴലിക്കാറ്റ്. ഒഡിഷയിലെ ഭദ്രാക്ക്, ബാലസോര്‍ അടക്കം 10 തീരദേശ ജില്ലകളെ യാസ് പിടിച്ചുകുലുക്കി. രണ്ടുപേര്‍ മരിച്ചു. ഭദ്രക് ജില്ലയിലെ ജമുജാദി റോഡ് തകര്‍ന്നു. പാരദീപ് ജെട്ടിയില്‍ നിരവധി മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റ് തീരം തൊട്ട ദംറ തുറമുഖത്ത് കനത്തനാശമുണ്ടായി. ബാലസോറിനും ദംറയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകള്‍ നാലു മീറ്റര്‍ വരെ ഉയര്‍ന്നു. ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. ആറു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

പശ്ചിമ ബംഗാളില്‍ 15 ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചതായും മൂന്ന് ലക്ഷത്തോളം വീടുകള്‍ക്ക് നാശമുണ്ടായതായും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഒരുകോടിയോളം പേര്‍ ദുരിതത്തിലായി. ബംഗാള്‍ തീരത്ത് മാത്രം 11.5 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. മൂന്നു ദിവസമായി തുടരുന്ന മുന്‍കരുതല്‍ നടപടികള്‍ ആളപായം കുറയ്ക്കാന്‍ സഹായിച്ചുവെന്നാണ് വിലയിരുത്തല്‍.

പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂര്‍, വടക്ക്, തെക്ക് 24 പര്‍ഗനാസ് ജില്ലകള്‍, കൊല്‍ക്കത്ത, ഡയമണ്ട് ഹാര്‍ബര്‍, ദിഗ എന്നിവിടങ്ങളില്‍ കനത്ത നാശം വിതച്ചു. പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു. തീരപ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ വെള്ളത്തിലായി. ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു പേര്‍ മരിച്ചു. ചുഴലിക്കാറ്റ് ജാര്‍ഖണ്ഡിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. ബിഹാര്‍, ജാര്‍ഖണ്ഡ്, അസാം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.