മുല്ലപ്പെരിയാര്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഇടത് വലത് എംപിമാര്‍ മുങ്ങി, രാജ്യസഭയില്‍ കേരളത്തിനായി ശബ്ദമുയര്‍ത്തിയത് അല്‍ഫോന്‍സ് കണ്ണന്താനം

കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് വഴിയൊരുക്കിയിരിക്കുന്നത്. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെട്ട ഡാം സുരക്ഷ ബില്ല് രാജ്യസഭയില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഇടത്-വലത് എംപിമാര്‍ സഭയില്‍ പോലുമില്ലായിരുന്നു. ഇതോടെ രൂക്ഷ വിമര്‍ശനമാണ് ഇവര്‍ക്ക് എതിരെ ഉയരുന്നത്. ജനങ്ങളുടെ ചിലവില്‍ ദില്ലിയില്‍ സുഖവാസത്തിന് പോകുന്നതോ അതോ രാജ്യത്തിന്റെ പണം കൊണ്ട് നക്ഷത്ര ഹോട്ടലുകളില്‍ കഴിയാന്‍ പോകുന്നതോ ഇവര്‍ എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്. മുല്ലപ്പെരിയാര്‍ ആശങ്കകള്‍ രാജ്യസഭയില്‍ ഉന്നയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് കേരളത്തിലെ എംപിമാര്‍ നഷ്ടപ്പെടുത്തിയത്.

രാജ്യസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയില്‍ ഉന്നയിച്ചതും കേരളത്തിനായി വാദിച്ചതും ബിജെപി എംപിയായ അല്‍ഫോന്‍സ് കണ്ണന്താനം ആയിരുന്നു. തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെയും സ്റ്റാലിനെയും പിണക്കാതെ സിപിഎം എംപിമാര്‍ നിലപാടെടുത്തപ്പോള്‍ തമിഴ്‌നാട്ടിലെ എം പിമാരാവട്ടേ കേരളത്തേ നിര്‍ത്തി പൊരിച്ചും അപമാനിച്ചും രാജ്യസഭയില്‍ വലിയ വാദങ്ങള്‍ ഉന്നയിച്ചു. ഇതിനെ ഒന്ന് പ്രതിരോധിക്കാന്‍ പോലും കേരളത്തിലെ ഇടത് വലത് എംപിമാര്‍ ഉണ്ടായിരുന്നില്ല.

കോണ്‍ഗ്രസ് നേതാക്കളായ രാജ്യസഭാ എംപിമാരായ എകെ ആന്റണിയും, കെസി വേണുഗോപാലും ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടില്ല. ഡാം സുരക്ഷാ ബില്ലും രാജ്യ സഭയില്‍ വന്നത് അന്വേഷിച്ചപ്പോള്‍ എ കെ ആന്റണിയുടെ ഓഫീസ് ഇപ്പോഴും ഇക്കാര്യം അറിഞ്ഞിട്ടില്ല എന്ന വിധത്തിലായിരുന്നു മറുപടി. കെ സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തില്ല. അല്‌ഫോന്‍സ് കണ്ണന്താനത്തിനു പുറമേ ബില്ലില്‍ നടന്ന ചര്‍ച്ചയില്‍ ആകെ പങ്കെടുത്തത് കി.പി.എം അംഗമായ വി ശിവദാസന്‍ ആയിരുന്നു. മുല്ലപെരിയാര്‍ എന്ന ഒരു വാക്ക് പോലും അദ്ദേഹം ഉച്ചരിച്ചില്ല. മാത്രമല്ല അദ്ദേഹം കേരളത്തിന്റെ വികാരങ്ങള്‍ക്ക് എതിരായി സംസാരിക്കുകയും ചെയ്തു. ഡാം സുരക്ഷാ ബില്‍ ഫെഡറലിസത്തിന് എതിരാണെന്നും ബില്ലിന്റെ നിയമ സാധുത പരിശോധിക്കപ്പെടേണ്ടതാണ് എന്നുമായിരുന്നു ശിവദാസന്റെ ആവശ്യം. അന്തര്‍നദീജല തര്‍ക്ക വിഷയങ്ങളില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രയോജനകരമായ നിരവധി വ്യവസ്ഥകളുള്ള ബില്ലിനെ ശിവദാസന്‍ തമിഴ്‌നാടിന് വേണ്ടി എതിര്‍ക്കുകയായിരുന്നോ എന്ന ചോദ്യം പോലും ഉയരുന്നുണ്ട്.

രാജ്യസഭയില്‍ ബില്ല് ചര്‍ച്ചയ്ക്ക് എടുക്കാന്‍ ശ്രമിക്കും നേരം മലയാളി എംപിമാര്‍ ആരും സഭയില്‍ ഇല്ലാതിരുന്നതിനെ സഭാധ്യക്ഷന്‍ കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ മുതല്‍ രാജ്യസഭയില്‍ ബില്ലിന്മേല്‍ വിശദമായ ചര്‍ച്ച ആരംഭിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാര്‍മുല്ലപ്പെരിയാര്‍വിഷയത്തില്‍ ഒറ്റക്കെട്ടായി അണിനിരന്നു. അണ്ണാഡിഎംകെ നേതാവ് നവനീത കൃഷ്ണനും എംഡിഎംകെയുടെ വൈക്കോയും ഡിഎംകെയുടെ ഇളങ്കോവനും ഡാം സുരക്ഷാ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് വേണ്ടി പ്രതിരോധം തീര്‍ത്തപ്പോള്‍ കേരളത്തിന് വേണ്ടി ആകെ പ്രതിരോധം തീര്‍ത്തത് ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം മാത്രമായിരുന്നു. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ അഞ്ചു ജില്ലകള്‍ ഒലിച്ചു പോകുമെന്ന് കണ്ണന്താനം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായി ഇതു മാറും. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രശ്‌ന പരിഹാരത്തിന് പ്രയത്‌നിക്കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു.

ഡാം സുരക്ഷാ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തിനെതിരെ നിശിത വിമര്‍ശനമാണ് തമിഴ്‌നാട് എംപിമാര്‍ നടത്തിയത്. എല്ലാവരും മുല്ലപ്പെരിയാര്‍ കേന്ദ്രീകരിച്ചു മാത്രമാണ് സംസാരിച്ചത്. കേരളം തമിഴ്‌നാട്ടില്‍ നിന്നുള്ള പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ഡാമിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ നിന്ന് തടയുന്നതായി നവനീത കൃഷ്ണന്‍ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളം നിരന്തരം വ്യാജ പ്രചാരണം നടത്തുകയാണെന്നും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വൈക്കോ ആരോപിച്ചു. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഡാമുകള്‍ വരെ ഉള്ള നാടാണിതെന്നും വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡിഎംകെ നേതാവ് ഇളങ്കോവനും സഭയില്‍ ആവശ്യപ്പെട്ടു.ഒടുവില്‍ കണ്ണന്താനം ഉയര്‍ത്തിയ വാദങ്ങള്‍ സഭ അംഗീകരിച്ച് ഡാം സുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി. 29നെതിരെ 80 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.