കാര്യം പറഞ്ഞപ്പോള്‍ അമ്മ കരഞ്ഞു, കോളേജ് പഠനത്തിനിടയിലെ അവസാന സമയത്താണ് ഞാനൊരു ട്രാന്‍സ് വുമണാണെന്ന് മനസിലാക്കിയത്

മലയാളികള്‍ക്ക് സുപരിചിതയാണ് ട്രാന്‍സ് വുമണായ ദയ ഗായത്രി. അടുത്തിടെയാണ് ദയ മറ്റൊരു ട്രാന്‍സ് വുമണായ ശ്രുതി സിത്താരയെ ജീവിതത്തിലേക്ക് കൂട്ടിയത്. ഇപ്പോള്‍ തന്റെ ജീവിത കഥ പറഞ്ഞുകൊണ്ടുള്ള ദയ ഗായത്രിയുടെ ഒരു വീഡിയോയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തന്റെ പാസ്റ്റിനെ കുറിച്ചും മറ്റും താരം തുറന്ന് പറയുന്നുണ്ട്.

എന്റെ പാസ്റ്റിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയില്ല. കുട്ടിക്കാലം മുതലേ ഒരുപാട് പരിഹാസം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ശരീരത്തെക്കുറിച്ച് പറഞ്ഞ് പലരും പരിഹസിച്ചിട്ടുണ്ട്. നാട്ടിലും വീട്ടിലുമുള്ളവരെല്ലാം കളിയാക്കുമായിരുന്നു. ഒരുപാട് വേദനിച്ചിട്ടുണ്ട് അന്നൊക്കെ. കുട്ടിക്കാലം മുതലേ തന്നെ ജോലികളെല്ലാം ചെയ്യുമായിരുന്നു. മുല്ലപ്പൂ തോട്ടത്തില്‍ മുല്ലപ്പൂ പറിച്ചുകൊടുക്കാനും കപ്പ നനയ്ക്കാനും ജാതിക്ക പെറുക്കിക്കൊടുക്കാനുമൊക്കെ പോവുമായിരുന്നു.

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ജോയിന്‍ ചെയ്തെങ്കിലും ചിലരുടെ പരിഹാസം കാരണം അവിടെ നിന്ന് പോരികയായിരുന്നു. കരഞ്ഞുനിലവിളിച്ചാണ് ആ കോളേജില്‍ നിന്നും ഇറങ്ങിയത്. അതിന് ശേഷമായാണ് മഹാരാജാസ് കോളേജിലേക്ക് എത്തിയത്. അവിടെയും പരിഹാസങ്ങളുണ്ടായിരുന്നുവെങ്കിലും പഠനം പൂര്‍ത്തിയാക്കുമെന്ന വാശിയുണ്ടായിരുന്നു. ഇടയ്ക്കൊരു റിലേഷന്‍ഷിപ്പുണ്ടായിരുന്നുവെങ്കിലും അത് ബ്രേക്കായപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മരണത്തോട് അടുത്തത് കൊണ്ട് ജീവിതം എത്ര വിലപ്പെട്ടതാണെന്ന് അന്ന് മനസിലായി.

ഐഡന്റിറ്റി വലിയ പ്രശ്നമായി മാറിയപ്പോഴാണ് വീടുവിട്ടിറങ്ങിയത്. ഭക്ഷണം കഴിക്കാന്‍ പോലും പൈസയില്ലാത്ത അവസ്ഥയുണ്ടായിരുന്നു. മൂന്നുനേരമില്ലെങ്കിലും അരവയറെങ്കിലും നിറയ്ക്കണമെന്നേയുണ്ടായിരുന്നുള്ളൂ. ഇനിയും പഠിക്കണം, സര്‍ജറി ചെയ്യണം എന്നാഗ്രഹമുണ്ടായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ റിസര്‍വേഷനിലൂടെയായി പഠിക്കാന്‍ അവസരം കിട്ടിയത്. രഞ്ജു അമ്മയെ കണ്ടുമുട്ടിയതോടെയാണ് ജീവിതം മാറിയത്. പഠനത്തിലും മറ്റ് കാര്യങ്ങളിലുമെല്ലാം പ്രചോദനമേകിയത് അമ്മയാണ്.

കോളേജ് പഠനത്തിനിടയിലെ അവസാന സമയത്താണ് ഞാനൊരു ട്രാന്‍സ് വുമണാണെന്ന് മനസിലാക്കിയത്. സര്‍ജറി ചെയ്യുന്ന കാര്യം വീട്ടില്‍ പറഞ്ഞാല്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലായിരുന്നു. ഫോണിലൂടെ കാര്യം അവതരിപ്പിച്ചപ്പോള്‍ അമ്മ കരയുകയായിരുന്നു. നീ സര്‍ജറി ചെയ്യാന്‍ പോവുകയാണെങ്കില്‍ ഞങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇത്രയുംകാലം നിങ്ങള്‍ ജീവിച്ചില്ലേ, ഞാനിനി ജീവിക്കട്ടെ, സര്‍ജറി തീരുമാനത്തില്‍ മാറ്റമില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ ചിരിക്കുകയായിരുന്നു. അതെനിക്ക് പോസിറ്റീവ് എനര്‍ജിയായിരുന്നു.