
പട്ന/ ധനികനായ ഭൂവുടമയുടെ കാണാതായ മകനായി 41 വർഷത്തെ ആഡംബര പൂർണമായ അഭിനയ ജീവിതം കഴിഞ്ഞു ദയാനന്ദ് ഗൊസൈൻ ഇനി ഏഴുവർഷത്തെ കഠിന തടവിനായി ജയിലിലേക്ക്. അവിശ്വസനീയമായ സംഭവങ്ങൾക്കൊടുവിൽ ആൾമാറാട്ട കേസിൽ ദയാനന്ദ് ഗൊസൈൻ എന്നയാളെ ഏഴുവർഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചു. ബിഹാറിലെ നളന്ദ ജില്ലയിലെ മുർഗാവൻ എന്ന ഗ്രാമത്തിൽ നടന്ന അസാധാരണ സംഭവത്തിനു ഇതോടെ തിരച്ചീല വീഴുകയാണ്.
നാൽപതുവർഷത്തിനിടെ ഒരു ഡസനോളം ജഡ്ജിമാർ വാദം കേട്ട കേസ്, ഏറ്റവും ഒടുവിൽ തുടർച്ചയായി 44 ദിവസം വാദം കേട്ട ശേഷമാണ് ദയാനന്ദ് ഗൊസൈനെ ശിക്ഷിച്ചു കൊണ്ട് വിധി പറഞ്ഞിരിക്കുന്നത്. 1977ലാണ് കാമേശ്വർ സിങ് എന്ന ഭൂവുടമയുടെ മകനായ കനയ്യ സിങ്ങിനെ (16) പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കാണാതാവുന്നത്. തുടർന്ന് 1981ൽ 20 വയസ്സ് തോന്നിക്കുന്ന ഒരാൾ സമീപ ഗ്രാമത്തിലെത്തുകയായിരുന്നു. ഭൂവുടമയുടെ കാണാതായ മകനാണെന്ന് അയാൾ അവകാശപ്പെട്ടു. വിവരമറിഞ്ഞ് കാമേശ്വർ സിങ് യുവാവിനെ വീട്ടിലേക്ക് കൊണ്ടുവന്നു. പ്രായാധിക്യത്താൽ കാഴ്ചമങ്ങിയ കാമേശ്വർ സിങ് മറ്റുള്ളവരുടെ വാക്കുകേട്ട് അയാൾ തന്റെ മകനാണെന്ന് വിശ്വസിക്കുകയാണ് ഉണ്ടായത്.
കാമേശ്വർ സിങ്ങിന്റെ ഭാര്യ രാംസഖി ദേവി ഇത് വിശ്വസിച്ചില്ല. അവർ പൊലീസിൽ പരാതി നൽകി. തന്റെ മകന് തലയുടെ ഇടതുഭാഗത്ത് മുറിവിന്റെ പാട് ഉണ്ടെന്നും ഇയാൾക്കില്ലെന്നും രാംസഖി മൊഴി നൽകി. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ദയാനന്ദ് ഗൊസൈൻ ജാമ്യത്തിലിറങ്ങി. തുടർന്ന് കാമേശ്വർ സിങ്ങിനെ വിശ്വാസത്തിലെടുത്ത് കനയ്യ സിങ്ങായി തന്നെ ജീവിച്ചു വന്നു. കോളജിൽ പോയി. വിവാഹം കഴിച്ചു. നാൽപതുവർഷത്തിനിടെ പല മേല്വിലാസങ്ങളിലായി ജീവിച്ചു വന്നു.
1991ൽ കാമേശ്വറും 1995ൽ ഭാര്യ രാംസഖി ദേവിയും മരണപെട്ടു. കാമേശ്വർ സിങ്ങിന്റെ 37 ഏക്കർ സ്ഥലം ഇയാൾ വിറ്റു. ബംഗ്ലാവിന്റെ ഒരു ഭാഗം സ്വന്തമാക്കി മാറ്റി. ഇതിനിടയിലും കാമേശ്വർ സിങ്ങിന്റെ മകളും മറ്റു മക്കളും നിയമപോരാട്ടം തുടരുകയായിരുന്നു. സ്വത്ത് തട്ടിയെടുക്കാൻ നടന്ന ഗൂഢാലോചനയാണിതെന്നാണ് വർ ഉന്നയിച്ചിരുന്ന ആരോപണം. അപ്പോഴും ഡി.എൻ.എ പരിശോധനക്ക് തയാറാകാതെ വ്യാജ മരണസർട്ടിഫിക്കറ്റുണ്ടാക്കി ദയാനന്ദ് ഗൊസൈൻ എന്ന യഥാർഥ മേൽവിലാസം ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
വിചാരണയിൽ പിന്നെ ജാമുവി ജില്ലയിൽനിന്നുള്ള ദയാനന്ദ് ഗൊസൈനാണ് ഇയാളെന്ന് തിരിച്ചറിഞ്ഞ കോടതി ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഏഴുവർഷത്തെ കഠിന തടവിന് അയാളെ ശിക്ഷിക്കുകയായിരുന്നു. ജഡ്ജ് മിശ്രയാണ് ശിക്ഷ വിധിച്ചത്. ആൾമാറാട്ട കഥയെക്കുറിച്ച് ദയാനന്ദ് ഗൊസൈന്റെ ഭാര്യക്കും മക്കൾക്കും അറിയില്ല. ഇപ്പോഴും യഥാർഥ കനയ്യ സിങ്ങിന് എന്തു സംഭവിച്ചുവെന്നും ആർക്കും അറിയില്ല.