ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില ഇറാനിയൻ പൗരന്മാർ മദ്യം വിളമ്പിയും വെടിക്കെട്ട് തീർത്തും മരണവാർത്ത ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ആരെങ്കിലും രക്ഷപ്പെടുമോയെന്നോർത്ത് എല്ലാവരും ആശങ്കപ്പെട്ട ഒരേയൊരു അപകടവാർത്ത ഇതാണെന്ന് ഇറാനിയൻ-അമേരിക്കൻ മാദ്ധ്യമപ്രവർത്തകയായ മാസിയ അലിനേജാദ് എക്സിൽ കുറിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇറാനിയൻ സാമൂഹ്യപ്രവർത്തകയുടെ പോസ്റ്റ്. “Happy World Helicopter Day!” എന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഹെലികോപ്റ്റർ അപകടം സംഭവിച്ചെന്ന വിവരം പുറത്തുവന്നതോടെ പ്രസിഡന്റിന് വേണ്ടി പ്രാർത്ഥനകൾ നടത്താൻ ടെഹ്റാനിലെ പ്രധാന സ്ക്വയറുകൾക്ക് സമീപം നൂറുക്കണക്കിന് ഇറാനിയൻ പൗരന്മാർ ഒത്തുകൂടിയതിനിടെയാണ് ഒരുവിഭാ​ഗം ഇറാനിയൻ പൗരന്മാർ വാർത്ത ആഘോഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്.

അതേസമയം, രാജ്യത്തിനകത്തും പുറത്തും കനത്ത എതിർപ്പുകൾ നേരിട്ടിരുന്നഒരാളായിരുന്നു ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഒരു അട്ടിമറി നടന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഇസ്രയേലാണോ? അങ്ങനെ വിശ്വസിക്കുന്നവരുണ്ട്. വർഷങ്ങളായി ശത്രുതയിലുള്ള രണ്ടു രാജ്യങ്ങൾ. പുറമെ അമേരിക്കയും സൗദിയും ഇറാനെതിരാണ്. ഇവരെല്ലാം കൂടി നടത്തിയ ഗൂഢാലോചനയാണോ അപകടം? ഒരു മാസം മുമ്പ് ഡമാസ്കസിൽ വച്ച് ഒരു ഇറാനിയൻ ജനറലിനെ ഇസ്രയേൽ വധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇറാൻ ഇസ്രയേലിനെതിരേ മിസൈൽ ആക്രമണവും നടത്തിയതാണ്. പൊതുവെ ശത്രുക്കളെ വധിച്ചു കളയുന്നതിൽ കുപ്രസിദ്ധരാണ് ഇസ്രയേൽ ചാര സംഘടനയായ മൊസാദ്. ഇറാനിലെ ആണവശാസ്ത്രജ്ഞരെയടക്കം വധിച്ച ചരിത്രവും മൊസാദിനുണ്ട്. അതുകൊണ്ട് ഈ കൊലയ്ക്കു പിന്നിലും മോസാദിന്‍റെ കരങ്ങളുണ്ടാകാം എന്നു വിശ്വസിക്കാം.

എന്നാൽ ഒരു രാജ്യത്തലവനെ വധിച്ച് നേരിട്ടുള്ള യുദ്ധത്തിലേക്കു വഴിയൊരുക്കാൻ ഇസ്രയേൽ ഇപ്പോൾ ശ്രമിക്കില്ല എന്നതാണ് എതിർവാദം. അതിനുള്ള സാഹചര്യങ്ങളും ഇപ്പോൾ നിലനിൽക്കുന്നില്ല. പ്രസിഡന്റാണെങ്കിലും നാട്ടിൽ ഒട്ടും പ്രീതിയില്ലാത്ത റെയ്സിക്ക് ഇറാൻ രാഷ്ട്രീയത്തിൽ നിർണായ സ്വാധീനം ഇല്ലാത്തതിനാൽ അദ്ദേഹത്തെ വധിച്ചിട്ടു പ്രത്യേകിച്ചു പ്രയോജനവുമില്ല.

ഹെലികോപ്റ്ററുകൾ അത്ര സുരക്ഷിതമായ യാത്രാമാർഗമല്ല. പ്രത്യേകിച്ചും മോശം കാലാവസ്ഥയുള്ളപ്പോൾ. 19 ന് അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. താബ്രിസിന് 95 കി.മി. വടക്കു കിഴക്കായി മലനിരകൾ നിറഞ്ഞ പ്രദേശത്ത് ഹെലികോപ്റ്റർ ഇടിച്ചിറക്കി എന്നായിരുന്നു ആദ്യ വിവരങ്ങൾ. കാറിലായിരുന്നു യാത്ര എന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പിന്നീട് തിരുത്തി. ഇന്നു പുലർച്ചെ പ്രസിഡന്റ് മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നു. കാലാവസ്ഥ മോശമാണെന്ന് അറിയാമായിരുന്ന സാഹചര്യത്തിൽ എന്തിന് ഹെലികോപ്റ്റർ യാത്ര തിരഞ്ഞെടുത്തു എന്നതാണ് ആദ്യം ഉയരുന്ന ചോദ്യം. കനത്ത മൂടൽമഞ്ഞും മഴയും മൂലം ഏതാനും മീറ്ററുകൾ മാത്രമാണ് കാഴ്ചയുണ്ടായിരുന്നത്. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഹെലികോപ്റ്റർ ഒഴിവാക്കി മറ്റു യാത്രാമാർഗങ്ങൾ തേടുകയോ കാലാവസ്ഥ അനുയോജ്യമാകുന്നതു വരെ കാത്തിരിക്കുകയോ ആണ് പതിവ്. ഇവിടെ ഈ രണ്ടു കാര്യങ്ങളും നടന്നില്ല.