ദില്ലിയില്‍ കൊവിഡ് അതിരൂക്ഷമാകുന്നു; രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകള്‍

ദില്ലിയില്‍ കൊവിഡ് അതിരൂക്ഷമാകുന്നു. രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനാറ് ദിവസത്തിനിടെ 1,03,093 രോഗികള്‍, 1,202 മരണം. ഉത്സവ ആഘോഷങ്ങളും ശൈത്യവും അന്തരീക്ഷ മലനീകരണവും ദില്ലിയെ തള്ളിവിട്ടത് അതിതീവ്ര അവസ്ഥയിലേക്കാണ്. ദില്ലിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിച്ചിരുന്നു.

ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ദില്ലിയില്‍ കുറഞ്ഞിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം ബെഡുകളും ഐസിയുകളും കൊവിഡ് രോഗികള്‍ക്കായി നീക്കിവെക്കാന്‍ ഹൈക്കോടതി ദില്ലി സര്‍ക്കാറിന് അനുമതി നല്‍കി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഐസിയു കിടക്കളുടെ എണ്ണം ആറായിരമായി വര്‍ധിപ്പിക്കും. നിലവില്‍ ഇത് 2500 ആണ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കൊവിഡ് ആശുപത്രിയില്‍ അഞ്ഞൂറ് കിടക്കകള്‍ അധികമായി ഉള്‍പ്പെടുത്തി.

അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നായി 75 ഡോക്ടര്‍മാരെയും 250 പാരാമെഡിക്കല്‍ ജീവനക്കാരെയും വിവിധ ആശുപത്രികളില്‍ നിയോഗിക്കും. സ്വകാര്യ ആശുപത്രികളിലെ സ്ഥിതി വിലയിരുത്താന്‍ പത്തു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദില്ലിയില്‍ നിന്ന് നോയിഡയിലേക്ക് എത്തുന്നവര്‍ക്കുള്ള കൊവിഡ് പരിശോധന തുടങ്ങി. ആന്റിജെന്‍ പരിശോധനയാണ് നടത്തുന്നത്. എന്നാല്‍ യാത്രാനുമതിക്ക് കൊവിഡ് പരിശോധനാഫലം ആവശ്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

രാജ്യത്ത് 38,617 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 89,12,908 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 474 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,30,993 ആയി. നിലവില്‍ രാജ്യത്ത് 4,46,805 സജീവ കേസുകളാണുള്ളത്. ഇതുവരെ 83,35,110 പേര്‍ കോവിഡ് മുക്തി നേടി. ഇതില്‍ 44,739 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ആശുപത്രി വിട്ടു.

അതേസമയം മറ്റ് സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചപ്പോള്‍ ദില്ലി സര്‍ക്കാര്‍ എല്ലാ നിയന്ത്രണങ്ങളും നീക്കിയതാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.