സമരം ചെയ്യാന്‍ ആരാണ് അധികാരം നല്‍കിയത്? കെജ്‌രിവാളിന്റെ സമരത്തെ വിമര്‍ശിച്ച് ഹൈക്കോടതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ കഴിഞ്ഞ എട്ട് ദിവസമായി നടത്തി വരുന്ന സമരത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ നടത്താന്‍ കെജ്‌രിവാളിന് ആരാണ് അനുവാദം നല്‍കിയതെന്നും, കെജ്‌രിവാളിന്റെ പ്രതിഷേധത്തെ സമരമെന്ന് വിളിക്കാന്‍ കഴിയില്ലെന്നും കോടതി. കേസിൽ ഐഎഎസ് അസോസിയേഷനെകൂടി കക്ഷി ചേർത്തു. കേസ് ബുധനാഴ്ച വാദം തുടരും.

ലഫ്. ഗവർണറുടെ ഓഫിസിൽ സമരം നടത്താനുള്ള തീരുമാനം വ്യക്തിപരമാണോ അതോ ക്യാബിനറ്റ് തീരുമാനപ്രകാരമാണോയെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തിപരമായ തീരുമാനമെന്നായിരുന്നു കേജ്‍രിവാളിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി. സമരം നടത്താൻ ലഫ്. ഗവർണർ അനുമതി നൽകിയിട്ടുണ്ടോ? ലഫ്. ഗവർണറുടെ ഓഫിസിൽ സമരം നടത്തുന്നതിന്റെ സാഹചര്യമെന്താണ്? തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.

ഈ മാസം 11 മുതലാണ് മുഖ്യമന്ത്രി കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍, വികസനമന്ത്രി ഗോപാല്‍ റായ് എന്നിവരാണ് ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫീസിലെ സന്ദര്‍ശക മുറിയില്‍ പ്രതിഷേധിക്കുന്നത്. നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായ സത്യേന്ദ്ര ജയിനെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. ഐഎഎസുകാരുടെ നിസ്സകരണ സമരം അവസാനിപ്പിക്കാന്‍ ലഫ്.ഗവര്‍ണര്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.