പ്രസംഗത്തിലെ ഇരകളുടെ വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ് രാഹുലിന്റെ വീട്ടിൽ

ന്യൂഡൽഹി. ഭാരത് ജോഡോ യാത്രയ്ക്കിടെ ‘ഇന്ത്യയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന പരാമര്‍ശത്തിന്റെ’ വിശദീകരണം തേടി ഡല്‍ഹി പൊലീസ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാഹുലിന്റെ വസതിയിൽ എത്തിയത്.

‘സ്ത്രീകൾ ഇപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു’ എന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ ശ്രീനഗറിൽവച്ച് രാഹുൽ പറഞ്ഞിരുന്നത്. പോലീസ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പോലീസ് ടീം ആണ് രാഹുൽ പറഞ്ഞ ഇരകൾ ആരൊക്കെ എന്നറിയാനായി എത്തുന്നത്.

‘രാഹുൽ ഗാന്ധിയോട് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ എത്തിയത്. ഭാരത് ജോഡോ യാത്രയ്ക്കിടെ താൻ നിരവധി സ്ത്രീകളെ കണ്ടെന്നും, അവർ ബലാത്സംഗത്തിന് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നും ജനുവരി 30ന് ശ്രീനഗറിൽ പ്രസംഗിക്കവെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഹുലിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ് ഇരകൾക്ക് നീതി ഉറപ്പാക്കണം. അതിനായാണ് ഞങ്ങൾ എത്തിയത്’– സ്പെഷൽ പൊലീസ് കമ്മിഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു.