ഡെല്‍റ്റ പ്ലസ് വകഭേദം അതിവേഗം പടരുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഡെല്‍റ്റ പ്ലസ് വകദേദം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മിര്‍, പഞ്ചാബ് തുടങ്ങി 11 സംസ്ഥാനങ്ങളോടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ജാഗ്രതപുലര്‍ത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.

അണ്‍ലോക്കിന്റെ വേഗത കുറയ്ക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 50 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചെന്നാണ് കേന്ദ്രം ഇന്നലെ അറിയിച്ചത്.

വര്‍ധിച്ച വ്യാപന ശേഷി, ശ്വാസകോശത്തിലെ റിസപ്റ്റര്‍ കോശങ്ങളുമായി ശക്തമായി ബന്ധിക്കാനുള്ള കഴിവ്, ആന്റിബോഡി പ്രതിരോധത്തിന് വിള്ളല്‍ വീഴ്ത്താനുള്ള ശേഷി എന്നിവയാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകതകള്‍. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ഡെല്‍റ്റ പ്ലസ് കേസുകളില്‍ അധികവും മഹാരാഷ്ട്രയില്‍ നിന്നാണ്.