രാജ്യത്തെ പറ്റി അപകീര്‍ത്തികരമായ പരാമർശം: രാഹുലിന്റെ എംപി കസേര തെറിപ്പിക്കുമോ?

ന്യൂദല്‍ഹി. വിദേശ സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പരാമർശം രാഹുലിന്റെ എംപി കസേര തെറിപ്പിക്കുമോ? രാഹുല്‍ ഗാന്ധിക്ക് എതിരായ ആക്രമണം ബി ജെ പി. കടുപ്പിച്ചിരിക്കെ ഉള്ള നീക്കങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിദേശ സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ കുറിച്ച് നടത്തിയ അപകീര്‍ത്തികരമാണ് എന്നും രാഹുല്‍ പാര്‍ലമെന്റിനെ അപമാനിച്ചു എന്നുമാണ് ബി ജെ പി പറഞ്ഞിരിക്കുന്നത്. പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും അപമാനിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് ബി ജെ പി എംപി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടിട്ടുള്ളത്.

സമിതിയുടെ പരിശോധനക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കുന്നതിനെ കുറിച്ചും ആലോചിക്കണമെന്നാണ് നിഷികാന്ത് ദുബെ പറഞ്ഞിട്ടുള്ളത്. ഇതിനായി 2005 ലെ സംഭവം നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് പണം വാങ്ങിയ 11 എം പിമാരെ പുറത്താക്കിയത് സമാനമായി പ്രത്യേക സമിതി രൂപീകരിച്ച് പരിശോധിച്ച കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു എന്നതാണ് എടുത്ത് പറയേണ്ടത്.

2005 ൽ നടന്ന സംഭവത്തിൽ എം പിമാര്‍ പാര്‍ലമെന്റിന്റെ അന്തസിനെ വ്രണപ്പെടുത്തിയെന്നും അക്കാര്യം സുപ്രീം കോടതി പോലും ശരി വെച്ചിരുന്നു എന്നും നിഷികാന്ത് ദുബെ ചാണ്ടിക്കാട്ടുന്നു. യൂറോപ്പിലും അമേരിക്കയിലും നടത്തിയ പരാമര്‍ശങ്ങളിലൂടെ പാര്‍ലമെന്റിന്റെയും രാജ്യത്തിന്റെയും അന്തസ്സിന് തുടര്‍ച്ചയായി കളങ്കമുണ്ടാക്കിയെന്നും അതിനാല്‍ തന്നെ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കേണ്ട സമയമായി എന്നും നിഷികാന്ത് ദുബെ വ്യക്തമാക്കുന്നു.

പോയ ആഴ്ച ഇതേ ആവശ്യവുമായി നിഷികാന്ത് ദുബെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് എതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നിഷികാന്ത് ദുബെ പ്രിവിലേജ് നോട്ടീസുമായി പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരാവുകയുണ്ടായി. ബജറ്റ് സമ്മേളനത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് – അദാനി വിഷയത്തില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നായിരുന്നു പ്രിവിലേജ് നോട്ടീസ് അയച്ചിരുന്നത്.

പാര്‍ലമെന്റ് സമ്മേളനം പുനരാരംഭിച്ചതിന് ശേഷം കഴിഞ്ഞ നാല് ദിവസവും ഓരോ കേന്ദ്ര മന്ത്രിമാര്‍ എന്ന തരത്തില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ വിമര്‍ശനവുമായി രംഗത്ത് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം എട്ട് കേന്ദ്രമന്ത്രിമാര്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി പാര്‍ലമെന്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയും ഉണ്ടായി. ഇന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് രാഹുലിന് എതിരെ ആരോപണം ഉന്നയിക്കും എന്നാണ് കരുതുന്നത്.

അതിനിടെ തനിക്കെതിരായ ബി ജെ പിയുടെ ആരോപണത്തിൽ മറുപടി പറയാന്‍ അവസരം ലഭിക്കുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ബി ജെ പിയുടെ ആരോപണങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ തന്നെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും എന്നാല്‍ അത് സംഭവിക്കുന്നില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യം ശരിയായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ എനിക്ക് എന്റെ ഭാഗം പറയാമായിരുന്നു എന്നാണ് രാഹുലിന്റെ വാദം.

കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണ് എന്നും പ്രതിപക്ഷ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും ആണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ജനാധിപത്യത്തിന് ആവശ്യമായ സ്ഥാപനപരമായ ചട്ടക്കൂടുകളായ പാര്‍ലമെന്റ്, സ്വതന്ത്ര മാധ്യമങ്ങള്‍, ജുഡീഷ്യറി എന്നിവയെല്ലാം ഒറ്റ കേന്ദ്രത്തിന് ചുറ്റും വലം വെക്കുകയാണ് എന്നും അതിനാല്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയ്‌ക്കെതിരായ ആക്രമണത്തെയാണ് രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് എന്നും രാഹുല്‍ പറഞ്ഞിരുന്നു.