Home kerala ക്ഷേത്രങ്ങളിലെ നിവേദ്യത്തില്‍ നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു-ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങളിലെ നിവേദ്യത്തില്‍ നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു-ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ പൂജയ്‌ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡ്. അരളിപ്പൂ കടിച്ചതാണ് ഹരിപ്പാട്ട് യുവതിയുടെ മരണകാരണമായതെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഈ തീരുമാനത്തിലേക്ക് ദേവസം ബോര്‍ഡ് എത്തിയത്. കാലങ്ങളായി പല ക്ഷേത്രങ്ങളിലും പൂജയ്‌ക്ക് ഉപയോഗിക്കുക മാത്രമല്ല പായസം അടക്കമുള്ള നിവേദത്തിലിട്ട് ഭക്തര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.

പായസങ്ങളിൽ അരളിപ്പൂവ് കിടക്കുകയും അറിയാതെയെങ്കിലും ഇത് കഴിക്കുമ്പോൾ ഉള്ളിൽ പോകുന്നതും പതിവാണ്. അരളിപ്പൂവില്‍ വിഷാംശം ഉണ്ട് എന്നുള്ളത് ശാസ്ത്രലോകവും അംഗീകരിച്ച വസ്തുതയാണ്. അതിനാലാണ് ഇത്തരമൊരു തീരുമാനത്തിൽ ബോർഡ് എത്തിയത്. ഈ സാഹചര്യത്തില്‍ അരളിപ്പൂവിനെതിരെ വ്യാപകമായ ബോധവല്‍ക്കരണം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഏറെക്കാലമായി ഉണ്ടായിരുന്നു.

യുകെയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്‌സ് സൂര്യ സുരേന്ദ്രന്റെ മരണമാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്‌റെ കണ്ണു തുറപ്പിച്ചത്. സൂര്യയുടെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുമുണ്ട്.