സൈബർ കുറ്റ അന്വേഷണ സംഘത്തിൽ സി.ഐമാർക്ക് ഡി ജി പിയുടെ ഊരുവിലക്ക്

 

തിരുവനന്തപുരം/ സംസ്ഥാനത്തെ സൈബർ കുറ്റകൃത്യങ്ങളിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന സി.ഐമാർക്ക് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഊരുവിലക്ക് ഏർപ്പെടുത്തി. ഇനിമുതൽ സൈബർ തട്ടിപ്പു കേസുകൾ അന്വേഷിക്കു മ്പോൾ പ്രതികളെ തേടി ഇതരസംസ്ഥാനങ്ങളിൽ സി.ഐമാർ പോകേണ്ടെന്നാണ് പൊലീസ് മേധാവിയുടെ വിലക്ക്. സി ഐ മാർ സ്റ്റേഷമുകളിൽ ഇരുന്ന് ജനങ്ങളുടെ പരാതി സ്വീകരിച്ചാൽ മതി. ജില്ല പൊലീസ് മേധാവിമാർക്ക് ആണ് ഇക്കാര്യത്തിൽ ഡി.ജി.പി നിർദേശം നൽകിയിരിക്കുന്നത്.

ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പിയുടെ പുതിയ പരിഷ്‌കാര നടപടി. ഐ.ടി ആക്ട് പ്രകാരം സൈബർ കേസുകളിൽ പ്രതിയെ തടഞ്ഞുവെക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം ഇൻസ്പെക്ടർ റാങ്കിൽപെട്ട ഉദ്യോഗസ്ഥന് മാത്രമാണ് ഉള്ളത്. എന്നാൽ ഇനിമുതൽ എസ്.ഐ റാങ്കിലും അതിന് താഴെയുമുള്ള ഉദ്യോഗസ്ഥർ മാത്രം ഇതരസംസ്ഥാനങ്ങളിൽ പോയി അന്വേഷണം നടത്തിയാൽ മതിയെന്നും പ്രതിയെ കണ്ടെത്തിയശേഷം വിവരം ജില്ല സൈബർ സ്റ്റേഷനിലേക്ക് അറിയിച്ചതിൽ പിന്നെ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ വിമാനം, ട്രെയിൻ വഴി സ്ഥലത്തെത്തി അറസ്റ്റ് അടക്കം നടപടികൾ സ്വീകരിച്ചാൽ മതിയെന്നുമാണ് ഡി ജി പിയുടെ നിർദേശത്തിൽ ഉള്ളത്.

ഒരുമാസമായി സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഒച്ചിനെക്കാൾ കഷ്ടമായി ഇഴയുമ്പോഴാണ് ശരിയായ അന്വേഷണ നീക്കത്തിന് തടസ്സമാകുന്ന ഡി ജി പിയുടെ ഉത്തരവ് കൂടി പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ ഡി.ജി.പിയുടെ നിർദേശം അനുസരിച്ച് വിവിധ കേസുകളിൽ ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കും പോയ അന്വേഷണസംഘങ്ങൾ വെറുംകൈയോടെയാണ് മടങ്ങി വരേണ്ടി വന്നത്. ധനമന്ത്രി, വ്യവസായ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ പേരിൽ വ്യാജ വാട്സ്ആപ് സന്ദേശങ്ങൾ അയച്ച് പണം തട്ടുന്നതായ പരാതികളിൽ അന്വേഷണത്തിന് പോയ ഉദ്യോഗസ്ഥരാണ് നിരാശരായി മടങ്ങി വന്നത്.

പ്രതികളുടെ ലൊക്കേഷൻ കണ്ടെത്താനായെങ്കിലും സി.ഐയുടെ അഭാവത്തിൽ രക്ഷപ്പെടുകയായിരുന്നു. പ്രാദേശിക പൊലീസിന്‍റെ സഹായം കേരള പൊലീസിന് ലഭിക്കാത്തത് മറ്റൊരു തിരിച്ചടിയാഎന്നും പറയാം. സംസ്ഥാനത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് ‘ഇക്കണോമിക് ഒഫന്‍സസ് വിങ്’ എന്ന പേരിൽ പുതിയ സംവിധാനം കഴിഞ്ഞമാസം നിലവിൽ വന്നെങ്കിലും പരാതിക്കാർക്ക് ഇതിന്റെ പ്രയോജനം ഇനിയും ലഭിച്ചു തുടങ്ങിയിട്ടില്ല. മതിയായ ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് ഇതിനും തടസമായിരിക്കുന്നത്.

കേരളത്തിൽ നടക്കുന്ന സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ ഏറെയും മധ്യപ്രദേശ്, ബിഹാർ, ഒഡിഷ, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇത്തരം ക്രിമിനലുകൾ സ്ഥിരമായി ഒരിടത്തും തങ്ങാത്തതിനാൽ ദിവസങ്ങളോളമാണ് അന്വേഷണസംഘത്തിന് ഇതരസംസ്ഥാനങ്ങളിൽ തമ്പടിക്കേണ്ടിവരുക. പ്രതിയെ തടഞ്ഞുവെക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം ഉള്ള ഇൻസ്പെക്ടർ റാങ്കിൽപെട്ട ഉദ്യോഗസ്ഥൻ കൂടി അന്വേഷ സംഘത്തിൽ ഇല്ലാതായാൽ അന്വേഷിക്കുന്ന കേസുകളിൽ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുക എന്ന നടപടികൾ ആവും തടസ്സപ്പെടുക.