കൂട്ടം കൂടി തന്നെ ആക്രമിക്കാൻ വന്നപ്പോൾ ഓടി രക്ഷപ്പെടുക മാത്രമാണ് ചെയ്തതെന്ന് നിഖിൽ പൈലി കോടതിയിൽ; പ്രതിഷേധവുമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ

ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിഷേധവുമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ. പന്ത്രണ്ട് മണിയോടെയാണ് ധീരജ് വധക്കേസിലെ പ്രതികളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയെയും കട്ടപ്പന കോടതിയിൽ ഹാജരാക്കിയത്. കോടതി കവാടത്തിൽ കാത്തു നിന്ന സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പൊലീസ് വാഹനം കണ്ടപ്പോൾ മുദ്രാവാക്യം വിളിച്ച് വാഹനം തടയാൻ പാഞ്ഞടുത്തു. മുദ്രാവാക്യം വിളിച്ചു. പ്രതികളെ അസഭ്യം വിളിക്കുകയും ചെയ്തു.

അന്യായമായി സംഘം ചേർന്ന് എത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് ധീരജിനെയും അമലിനെയും കുത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം സെക്രട്ടറി നിഖിൽ പൈലിയാണ് കുത്തിയത് എന്ന് പറയുന്ന റിമാൻഡ് റിപ്പോർട്ട്, സ്ഥലത്ത് കെഎസ്‍യു നേതാവ് ജെറിൻ ജോജോ ഉണ്ടായിരുന്നുവെന്നും പറയുന്നു. മറ്റ് നാല് പ്രതികളും ഒളിവിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ ഈ മാസം 25 വരെ കട്ടപ്പന കോടതി റിമാൻഡ് ചെയ്തു. കൊലപാതകത്തെക്കുറിച്ച് പൊലീസിന്‍റെ പ്രത്യേകാന്വേഷണസംഘം അന്വേഷിച്ചേക്കും. പ്രഖ്യാപനം ഇന്ന് തന്നെ വരുമെന്നാണ് സൂചന.

എന്നാൽ കൂട്ടം കൂടി നിരവധി പേർ തന്നെ ആക്രമിക്കാൻ വന്നപ്പോൾ ഓടി രക്ഷപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് നിഖിൽ പൈലി കോടതിയിൽ പറഞ്ഞത്. ഓടി രക്ഷപ്പെട്ട താനാണ് അടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചതെന്നും, ധീരജിനെയും കൊണ്ട് വാഹനം കടന്നുപോകുന്നത് വരെ കത്തിക്കുത്ത് നടന്നത് അറിഞ്ഞിട്ടേയില്ലെന്നും ജെറിൻ ജോജോ കോടതിയിൽ പറഞ്ഞു.

കൊലയ്ക്ക് ഉപയോഗിച്ച കത്തി ഓടി രക്ഷപ്പെടുന്നതിനിടയിൽ കാട്ടിൽ എറിഞ്ഞു കളഞ്ഞുവെന്നാണ് നിഖിൽ പൈലി പൊലീസിന് മൊഴി നൽകിയത്. തെരച്ചിൽ നടത്തിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേസിൽ ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.