30 വയസു മുതൽ തുടങ്ങിയ പ്രമേഹത്തേ മരുന്നില്ലാതെ പിടിച്ചുകെട്ടി- നെവിൻ ജോസഫിന്റെ അനുഭവ വിവരണം

കേരളത്തിൽ നാലിൻ ഒരാൾ പ്രമേഹ രോഗി ആണ്‌. 10നും 30 വയസിനും ഇടയിൽ 27% പേർ ഷുഗർ രോഗികൾ ആണ്‌. തല മുതൽ കാലിന്റെ പെരുവിരൽ വരെ തകർക്കുന്ന മാരക രോഗത്തിന്റെ പിടിയിലായ കേരളത്തിലെ പ്രമേഹ രോഗികൾക്ക് ആശ്വാസകരമായ കുറിപ്പുമായി നെവിൻ ജോസഫ് എന്ന യുവാവ്. 30 വയസുമുതൽ തുടങ്ങി പിന്നെ അതിമാരകമായി മരുന്നുകൾക്ക് പൊലും കീഴ്പെടുത്താൻ ആകാത വളർന്ന പ്രമേഹത്തേ അദ്ദേഹം ഭക്ഷണ നിയന്ത്രണത്തിലൂടെ പിടിച്ചു കെട്ടി. ഇന്ന് മരുന്ന് ഇല്ലെങ്കിലും ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞ് അദ്ദേഹം ജീവിക്കുന്നു. ലോക പ്രമേഹത്തിന്റെ ആസ്ഥാനമായ കേരളത്തിലെ ഓരോ ആളും അറിഞ്ഞിരിക്കേണ്ട അനുഭവ വിവരണമാണ്‌ ഇദ്ദേഹം നല്കുന്നത്. കുറിപ്പിലേക്ക്

പല പ്രാവശ്യം എഴുതണം എന്ന് വിചാരിച്ച ഒരു ടോപിക്ക് ആണ്. 35 വയസ്സിന് ശേഷം ലൈഫ് സ്റ്റൈൽ രോഗങ്ങൾ ഉള്ളവരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ വളരെ കൂടിയിരിക്കുന്നു. നമ്മുടെ രാജ്യക്കാരെ വെച്ചു നോക്കിയാൽ തന്നെ മലയാളികൾ അതിൽ മുൻപന്തിയിൽ ആണ് എന്ന് പറയേണ്ടി വരും. 35 വയസ്സിന് മുകളിൽ പ്രായമുള്ള ഉള്ള പത്ത് സുഹൃത്തുക്കളെ എടുത്താൽ അതിൽ 6 പേർക്കും ഒന്നുങ്കിൽ ഷുഗർ, അതല്ലെങ്കിൽ ചെറുതായി ഹൈ ബിപിയുടെ തുടക്കം, അതുമല്ലെങ്കിൽ കോളസ്റ്റ്രോൾ എന്ന അവസ്‌ഥ ആണ്. ഇതൊന്നും ഇല്ലാത്തവർ വളരെ കുറവ്.

“നമ്മുടെ ജോലി ഇതാണ്. “നമ്മുടെ വീട്ടിൽ വെക്കുന്ന ഭക്ഷണം ഇതാണ്, നമ്മൾ പുറത്തിറങ്ങിയാൽ ലഭിക്കുന്ന ഭക്ഷണവും ഇതാണ്.വേറെ എന്താണ് കഴിക്കുക?””ഞാൻ രാവിലെ നടക്കാൻ പോകുന്നുണ്ട്. പക്ഷേ വണ്ണം കുറയുന്നില്ല. നല്ല കിതപ്പും ഉണ്ട്. കോവിഡ് വന്ന് പോയതിന് ശേഷം ആരോഗ്യം ഒട്ടുമില്ല” . ഞാൻ സുഹൃത്ത് പറഞ്ഞ nutrients എടുക്കുന്നുണ്ട്. ഇപ്പോൾ വണ്ണം കുറഞ്ഞു. പക്ഷേ കണ്ടാൽ എന്തോ പറ്റിയത് പോലെ ഇരിക്കുന്നു. ഒരു 10 വയസ്സ് കാഴ്ചയിൽ കൂടിയിട്ടുമുണ്ട്. ആളുകൾ ഒക്കെ എന്ത് പറ്റി എന്ന് ചോദിക്കുന്നു” ഇതൊക്കെ മിക്കവാറും എല്ലാ ദിവസവും നമ്മളൊക്കെ പറയുകയോ കേൾക്കുകയോ ചെയ്യുന്ന കാര്യങ്ങളാണ്.എന്താണ് ഇത്രമാത്രം ആളുകൾക്ക് ഇതൊക്കെ വരുന്നത്? എല്ലാം പാരമ്പര്യ രോഗമാണോ? അതോ ഇന്നത്തെ ജീവിതരീതി, വ്യായാമക്കുറവ്, സ്ട്രെസ്സ് ഇതൊക്കെയാണോ കാരണങ്ങൾ? ഇതിൽ എല്ലാം കാര്യമുണ്ടെന്നു നമുക്ക് അറിയാം. പക്ഷേ ഒരു പ്രായോഗിക തലത്തിൽ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?
എനിക്ക് 30 വയസ്സ് കഴിഞ്ഞപ്പോൾ ചെറുതായി ഷുഗർ വേരിയേഷൻ വരാൻ തുടങ്ങി. വീട്ടിൽ പപ്പയ്ക്ക് ഷുഗർ ഉണ്ട്. ആദ്യമൊക്കെ ഷുഗർ പെട്ടെന്ന് കുറയുന്നത് ആയിരുന്നു പ്രശ്നം. ഒരു 6 വർഷം കടന്ന് പോയി. ഷുഗർ levels പതിയെ കൂടാൻ തുടങ്ങി. കാര്യമായി മരുന്നുകൾ ഒന്നും കഴിക്കാതെ കുറേ വർഷങ്ങൾ കൂടി കടന്ന് പോയി. ഞാൻ ഫുഡ് ശ്രദ്ധിക്കുന്നുമില്ല. തോന്നിയത് എല്ലാം കഴിച്ചു ജീവിച്ചു പോന്നു. മരുന്ന് എടുക്കാൻ തുടങ്ങി. പിന്നെയും വർഷങ്ങൾ കടന്നു പോയി. വയസ്സ് 40 ആയി. ഷുഗർ ലെവൽ കൂടിക്കൊണ്ടേയിരുന്നു. ഭക്ഷണം ഞാൻ ശ്രദ്ധിക്കുന്നേയില്ല. മരുന്നുകൾ കഴിക്കുന്നത് മാറിക്കൊണ്ടിരുന്നു. ഇടയ്ക്ക് ഇൻസുലിൻ കേറ്റി. വലിയ ഫലം ഒന്നും കണ്ടില്ല. കയറ്റിയ അളവ് കുറവ് ആയിട്ട് ആയിരിക്കാം. HBA1C 11 ലേയ്ക്കും, ഫുഡ് കഴിച്ചാലുള്ള ഷുഗർ ലെവൽ 440 വരെയുമൊക്കെ ആകാൻ തുടങ്ങി. ഐസ് ക്രീം, കേക്കുകൾ, ബിരിയാണികൾ എല്ലാം വയറ്റിൽ മുടങ്ങാതെ ഇടം പിടിച്ചു കൊണ്ടിരുന്നു. ശരീരം കാര്യമായി ശ്രദ്ധിക്കുന്നേയില്ല.
അടുത്ത ഡോക്ടറെ കണ്ടു. മെറ്റ്ഫോർമിൻ 1000 വെച്ചു രാവിലേയും വൈകിട്ടും. കൂടാതെ ഇടയ്ക്ക് വേറെ എന്തൊക്കെയോ ഗുളികകൾ. ഷുഗറിന്റെ ഗുളിക അടിച്ചാൽ അര മണിക്കൂർ കഴിയുമ്പോൾ തളർച്ച. വയറ്റിൽ വേദന. കഴിച്ചില്ലെങ്കിൽ ഷുഗർ ലെവൽ വളരെ കൂടുതൽ. അങ്ങനെ ഇരിക്കുമ്പോൾ കുറവിലങ്ങാട് ഉള്ള ഒരു ഡോക്ടറെ കാണുന്നു. അദ്ദേഹത്തിന്റെ ചികിത്സയിൽ മരുന്നിന്റെ ഡോസ് കുറച്ചും, മരുന്ന് മാറ്റിയും തരുന്നു. ഷുഗർ ലെവൽ കുറയുന്നു. രാവിലെ ഫാസ്റ്റിംഗ് നോർമൽ ആകുന്നു. എന്നാൽ ഭക്ഷണം കഴിച്ചാൽ ലെവൽ പിന്നെയും കണ്ടമാനം കൂടുന്നുമുണ്ട്. ഭക്ഷണം കാര്യമായി ശ്രദ്ധിക്കുന്നില്ലെങ്കിലും കുറച്ചു ശ്രദ്ധിക്കുന്നുണ്ട്. ഒരു ബിരിയാണിയിൽ നിന്ന് അര ബിരിയാണി. ചപ്പാത്തി അല്ലെങ്കിൽ പൊറോട്ട. കേക്ക് നിർത്തി. ഐസ് ക്രീം ഇടയ്ക്കൊക്കെ. HB A1C – 9 ആയി കുറയുന്നു. Still high!
ഇതൊക്കെ ആണെങ്കിലും വലിയ പ്രശ്നം ഇല്ലാതെ പോകുമ്പോൾ കോവിഡ് പിടിക്കുന്നു. പണി പാളുന്നു. മരുന്ന് എൽക്കുന്നില്ല. ഷുഗർ ലെവൽ ഫാസ്റ്റിംഗ് 195 – 240. കഴിച്ചാൽ 280-330. പിന്നെയും സ്ഥിരമായി മരുന്ന് കഴിച്ചു, ഫുഡിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെ മുന്നോട്ട് പോകുന്നു.അവസാനം -വയ്യാണ്ടായി!
എപ്പോഴും തളർച്ച. ഉറക്കം തൂങ്ങൽ. ജോലി ചെയ്യാൻ തോന്നുന്നില്ല. ടെസ്റ്റുകൾ ചെയ്തപ്പോൾ ഭാഗ്യം internal ഓർഗൻസിനെ ഒന്നും കേറി പിടിച്ചിട്ടില്ല! ഇനി ശരീരത്തിന് താങ്ങാൻ പറ്റില്ല. പ്രായം 44.ജീവിതം വെച്ചുള്ള തമാശ കളി മതിയായി കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം മൊത്തത്തിൽ നിർത്തി. നോ മോർ അരി ഭക്ഷണം, നോ മോർ ബിരിയാണി.നേരെ ലുലുവിലേയ്ക്ക് വെച്ചു പിടിച്ചു . നല്ല vegetable സാലഡ് ഉണ്ടാക്കാൻ വേണ്ടത് എല്ലാം വാങ്ങി.
Mushroom,Olives,Brocolli,Green Peas,Capsicum,Beans,Carrot എന്ന് വേണ്ട അത്യാവശ്യം നല്ല ഒരു vegetable മിക്സ് ഉണ്ടാക്കാൻ പറ്റിയത് എല്ലാം. കുറെ ചിക്കൻ ലെഗ്‌സും വാങ്ങി. പച്ചക്കറി മാത്രം കഴിച്ചു ജീവിക്കാൻ സാധിക്കില്ല!കുറെ മില്ലറ്റ്സും വാങ്ങി. റാഗി ഒക്കെ വളരെ നല്ലതാണ്. ചോറ് കഴിക്കുന്നത് പരിപൂർണ്ണമായി നിർത്തി.രാവിലെ ഓട്ട്സ്, റാഗി പുട്ട് അങ്ങനെ ഉള്ളതാക്കി.വിശന്നാൽ രണ്ട് ചപ്പാത്തിയും കറിയും. ഗോതമ്പും ഷുഗർ കൂട്ടുന്നത് ആണ്. പക്ഷേ രണ്ട് ചപ്പാത്തി വരെയൊക്കെ ബോഡി മാനേജ് ചെയ്യും.ഉച്ചയ്ക്ക് സ്ലൈസ് ചെയ്ത് പുഴുങ്ങിയ മീറ്റ് കുറച്ചു വെജിറ്റബിൾസോട് കൂടിയത്.ഈവനിംഗ് സ്നാക്ക്‌സ്. (ഇവിടെ അഡ്ജസ്റ്റ്മെന്റ് ഇല്ല. ഒന്നോ രണ്ടോ പഴം പൊരിയൊക്കെ കഴിക്കും)
വൈകുന്നേരം നല്ല ഒരു പ്ലേറ്റ് സാലഡ്. നന്നായിട്ട് ഉണ്ടാക്കിയാൽ രുചിപ്രദമായി ഉണ്ടാക്കാവുന്നതേയുള്ളൂ. ഫിഷ് അല്ലെങ്കിൽ ചിക്കൻ നല്ല ഒരു പീസ് കുരുമുളക് ഒക്കെയിട്ട് പുഴുങ്ങിയത്. വയറു നിറയും എന്നാൽ ഷുഗർ ലെവൽ കൂടുകയുമില്ല. ഇത് സ്ട്രിക്ട് ആയി നടപ്പിൽ വരുത്തി.ഓരോ പ്രാവശ്യവും ഫുഡ് കഴിച്ചതിന് ശേഷം ഷുഗർ ചെക്ക് ചെയ്ത് എന്തൊക്കെ കഴിച്ചാൽ കൂടില്ല എന്ന് മനസ്സിലാക്കി. റിസൾട്ട് amazing ആയിരുന്നു.തളർച്ച മാറി. ആരോഗ്യം തിരിച്ചു വരാൻ തുടങ്ങി. വയറ്റിലുള്ള ഫാറ്റ് ഉരുകാൻ തുടങ്ങി. ആകെ മൊത്തം ഒരു ഉന്മേഷം. ഉറക്കം തൂങ്ങൽ വളരെ കുറഞ്ഞു. ഷുഗർ ലെവൽ ഫാസ്റ്റിംഗ് നോർമൽ ആകാൻ തുടങ്ങി.
ഭക്ഷണം കഴിച്ചിട്ടുള്ളതും 149 – 180 ലേയ്ക്ക് ഒക്കെ ആയി. മരുന്ന് കഴിച്ചില്ലെങ്കിലും അത്രയ്ക്ക് കൂടുന്നുമില്ല.വ്യത്യാസം നിങ്ങൾക്ക് തന്നെ കാണാം.ഞാനിത് എഴുതിയത് വേറെ ഒന്നിനുമല്ല. ഇതൊക്കെ ആര് ശ്രമിച്ചാലും നടക്കുന്നതെയുള്ളൂ.ഞാൻ ഫാറ്റ് burn ചെയ്യാൻ ഒരു മരുന്നും എടുത്തിട്ടില്ല. സ്വഭാവ രീതിയിലും ഭക്ഷണത്തിലും മാറ്റം വരുത്തി എന്ന് മാത്രം.ആരോഗ്യം മോശമാകാൻ നമ്മളെല്ലാം ചെയ്യുന്ന ചില കാര്യങ്ങൾ/ഭക്ഷണ രീതികൾ ഞാൻ ഒഴിവാക്കി. അത് എന്തൊക്കെയാണ് എന്ന് എഴുതണം എന്നുണ്ട്. ആർക്കെങ്കിലും അറിയാൻ താല്പര്യം ഉണ്ടെങ്കിൽ എഴുതാം.