പറക്കും സ്ത്രീ വന്നിറങ്ങിയാണോ എകെജി സെന്ററിന് ബോംബെറിഞ്ഞത് – വി ഡി സതീശൻ.

 

തിരുവനന്തപുരം/എഴളുക്കുകാരൻ സക്കറിയയുടെ കഥയിൽ പറയുന്ന പറക്കും സ്ത്രീയെന്ന കഥാപാത്രത്തെ പോലെ ആരെങ്കിലുമാണോ എ കെ ജി സെന്റർ ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചോദ്യം.സ്വന്തം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ അത് ആഘോഷമാക്കി മാറ്റുകയാണ് സിപിഎം. സ്ട്രൈക്കേഴ്സ് സംഘം കാവൽ നിൽക്കുന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്.

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന സംഭവത്തിലെ പ്രതികളെ പിടിക്കാൻ ഇപ്പോഴും പോലീസിന് സാധിച്ചിട്ടില്ല. എഴളുക്കുകാരൻ സക്കറിയയുടെ കഥയിൽ പറക്കും സ്ത്രീയെന്ന കഥാപാത്രമുണ്ട്. അതുപോലെ ആരെങ്കിലുമാണോ ഓഫീസ് ആക്രമിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു. ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂർ മുമ്പേ ഇപി ജയരാജൻ പുറപ്പെട്ടോ എന്നാണ് സംശയമെന്നും പരിഹാസ രൂപേണ സതീശൻ നിയമസഭയിൽ ചോദിച്ചു.

‘പാർട്ടി ഓഫീസുകൾക്ക് നേരായ അക്രമം അവസാനിപ്പിക്കാൻ ആണ് അടിയന്തര പ്രമേയം കൊണ്ട് വന്നത്. സ്വന്തം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണം ആഘോഷമാക്കി മാറ്റുന്നത് വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ്. കോൺഗ്രസ് ഓഫിസുകൾക്ക് നേരെ മൂന്നാമത്തെ തവണയാണ് ഈ മാസം ആക്രമണം നടക്കുന്നത്. ആദ്യം മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഓഫീസുകളിൽ ബോംബു വെച്ചു, തീ വയ്പ് ഉണ്ടായി , തന്‍റെ ഔദ്യോഗിക വസതിക്ക് അകത്ത് ആൾ കയറി വധിക്കുമെന്ന ഭീഷണി ഉയർത്തി. അവരെ ജീവനക്കാർ പിടികൂടി പോലീസിനെ ഏൽപിച്ചു. അവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. തനിക്ക് അതിൽ പരാതി ഇല്ല’. പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന്റെ പുറകെ വീണ്ടും ഞങ്ങളുടെ ഓഫീസുകൾ തകർത്തു. എകെജി ഓഫീസിലേക്ക് ഞങ്ങൾ ബോംബെറിഞ്ഞു എന്ന് പറഞ്ഞും കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടു. സർക്കാരിന് നേതൃത്വം കൊടുക്കുന്ന ഭരണ കക്ഷി പാർട്ടി തന്നെയാണ് അക്രമത്തിന് കുട പിടിക്കുന്നത്. എകെജി സെന്ററിന്റെ സുരക്ഷ ചുമതല സ്ട്രൈക്കേഴ്സിനാണ്. അവർ ചുമതലയിൽ നിൽക്കുമ്പോൾ എങ്ങനെയാണ് സെന്റർ ആക്രമിക്കപ്പെട്ടുന്നത്. ഇത്രയും സുരക്ഷ ഉണ്ടായിട്ടും പ്രതി എങ്ങനെയാണ് രക്ഷപ്പെട്ടത്’. സതീശൻ ചോദിച്ചു.

അക്രമം നടക്കുന്നതിന്‍റെ തലേ ദിവസം വരെ ആ ഗെയ്റ്റിന് മുന്നിൽ പട്രോളിങ് ജീപ്പ് ഉണ്ടായിരുന്നു. എന്നാൽ അക്രമം നടന്ന അന്ന് ഈ ജീപ്പ് ഉണ്ടായില്ല .ആരാണ് ഈ ജീപ്പ് മാറ്റിയത്. എകെജി സെന്‍ററിന് ചുറ്റും നിരവധി ക്യാമറകൾ ഉണ്ട്. സമീപത്തുള്ള കടകളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി 70 ലേറെ ക്യാമറകൾ ഉണ്ട്. ഈ ക്യാമറകളിൽ ഒന്നും പതിയാത്ത പ്രതി ആരാണ്,അദ്ദേഹം ചോദിച്ചു. ‌‌‌‌സക്കറിയായുടെ കഥ ഉദ്ധരിച്ച് പറക്കും സ്ത്രീ വന്നിറങ്ങിയാണോ എകെജി സെന്ററിന് ബോംബെറിഞ്ഞത്. ഇതുവരേയും മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന സംഭവത്തിലെ പ്രതിയെ പോലീസിന് കണ്ടെത്താൻ ആയിട്ടില്ല. ഈ സംഭവം ഉണ്ടാകുന്നതിന് അരമണിക്കൂർ മുൻപേ അദ്ദേഹം പുറപ്പെട്ടോയെന്നൊരു സംശയം തനിക്കുണ്ടെന്നും വിഡി സതീശൻ പരിഹസിച്ചു.