KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കുമളി ഡിപ്പോയിലെ ഡ്രൈവറാണ് സുനീഷ്.

ശമ്പളം മുടങ്ങിയതോടെ ലോണ്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് സുഹൃത്തുക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ചശേഷമായിരുന്നു ആത്മഹത്യാശ്രമം. അഞ്ച് ലക്ഷം രൂപയുടെ ലോണ്‍ കുടിശികയിലായിരുന്നു. ഈ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമം നടത്തിയതെന്നാണ് വിവരം.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഏപ്രില്‍ മാസത്തിലെ ശമ്പളം ഇതുവരെ നല്‍കിയില്ല. മാസം പകുതിയായിട്ടും ശമ്പളം കിട്ടാതായതോടെ ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. ജൂണില്‍ സ്കൂള്‍ തുറക്കുകയാണ്. മകള്‍ക്ക് യൂണിഫോം വാങ്ങി നല്‍കാന്‍ ശമ്പളത്തിനായി കാത്തിരിക്കുകയാണ് ജീവനക്കാർ . രണ്ട് ഗഡുക്കളായാണ് കെ.എസ്.ആര്‍.ടി.സി ശമ്പളം നല്‍കുന്നത്. ഏപ്രില്‍ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു ഇതുവരെ നല്‍കിയിട്ടില്ല. എപ്പോള്‍ കിട്ടുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല.