കൊറോണ മഹാമാരി പടരുമ്പോൾ വിരുദ്ധ അഭിപ്രായങ്ങളുമായി ലോകാരോഗ്യ സംഘടന വിദഗ്ധർ

ആഗോളതലത്തിൽ ഒമിക്രോൺ വ്യാപിക്കുമ്പോൾ കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട് വിരുദ്ധ അഭിപ്രായങ്ങളുമായി ലോകാരോഗ്യ സംഘടന വിദഗ്ധർ. ഓമിക്രോൺ വ്യാപനത്തോടെ കൊറോണ മഹാമാരി അവസാനിക്കുമെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഇതൊരു അവസാനമല്ല എന്ന് അഭിപ്രായപ്പെടുന്ന വിദഗ്ധരും ഉണ്ട്.

ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയാസിസാണ് ഒമിക്രോൺ അവസാനഘട്ടമല്ലെന്ന മുന്നറിയിപ്പ് നൽകിയത്. ഒമിക്രോൺ വ്യാപനം പൂർത്തിയായാൽ ഇതോടെ കൊറോണ ഇല്ലാതാകുമെന്ന ചിന്ത അബദ്ധജഢിലവും ഏറെ അപകടകരവുമാണെന്നാണ് ടെഡ്രോസ് പറയുന്നത്. ഒമിക്രോൺ രൂപപ്പെട്ട സാഹചര്യം പരിശോധിക്കുമ്പോൾ ഇനിയും പലതരത്തിലുള്ള വകഭേദങ്ങൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടാകുമെന്നും ടെഡ്രോസ് പറഞ്ഞു.

എന്നാൽ ലോകാരോഗ്യസംഘടനാ യൂറോപ്യൻ മേഖലാ മേധാവി ഹാൻസ് ക്ലൂഗ് നേരെ വിപരീതമായ അഭിപ്രായം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ടെഡ്രോ സിന്റെ വിരുദ്ധാഭിപ്രായം വന്നത്. യൂറോപ്പിൽ ഒമിക്രോണിനോടുകൂടി കൊറോണ വ്യാപനം അന്തിമഘട്ടത്തിലെത്തുമെന്നാണ് ക്ലൂഗ് അഭിപ്രായപ്പെട്ടത്. ഒമിക്രോൺ അതിവേഗം വ്യാപിക്കുകയാണ്. മരണനിരക്കും കുറവാണ്. ഇതുമൂലം ഭൂരിപക്ഷം ജനങ്ങളും വാക്്‌സിനെടുത്തും കൊറോണ വന്നും വലിയ പ്രതിരോധ ശേഷി കൈവിരിക്കുമെന്നുമാണ് ക്ലൂഗിന്റെ കണക്കുകൂട്ടൽ.

അമേരിക്കയിലെ വൈദ്യശാസ്ത്ര ഉപദേശകൻ ഡോ. ആന്റണി ഫൗസിയും ക്ലൂഗിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ്. ഫെബ്രുവരി മദ്ധ്യത്തോടെ ഒമിക്രോൺ പരമാവധി എല്ലായിടത്തും വ്യാപിക്കുമെന്നും തുടർന്ന് തീർത്തും ഇല്ലാതാകുമെന്നുമാണ് ഫൗസിയുടെ നിരീക്ഷണം.