
തിരുവനന്തപുരം. മലബാർ ഹിന്ദു വംശഹത്യ പ്രമേയമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നിരന്തരം നിഷേധിച്ച് സെൻസർ ബോർഡ്. ഈ സാഹചര്യത്തിൽ സെൻസർ ബോർഡിന്റെ നിലപാടിനെതിരെ കോടതിയിൽ പോകാൻ തീരുമാനിച്ചിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഇക്കാര്യം ഫെയ്സ്ബുക്കിലൂടെയാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്.
പുഴ മുതൽ പുഴ വരെ എന്ന നമ്മുടെ സിനിമയ്‌ക്ക് എതിരെ സെൻസർ ബോർഡ് സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. അഡ്വ. റെജി ജോർജ്, അഡ്വ. ബിനോയ് ഡേവിഡ് എന്നിവർ നമുക്ക് വേണ്ടി ഹാജരായി. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. കേസ് രണ്ടാഴ്ചയ്‌ക്കകം വീണ്ടും പരിഗണിക്കും എന്ന് രാമസിംഹൻ അറിയിച്ചു.
സിനിമയുടെ പ്രഖ്യാപനം മുതൽ ഇടതുബുദ്ധി ജീവികളും മതമൗലികവാദികളും സിനിമയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. സ്വാതന്ത്ര്യ സമരമെന്ന് കൊട്ടിയാഘോഷിക്കുന്ന മലബാറിലെ ഹിന്ദു വംശഹത്യതയുടെ യഥാർത്ഥ മുഖം ചിത്രം തുറന്നുകാട്ടും എന്നതാണ് എതിർപ്പുകളുടെ പ്രധാന കാരണം. മാസങ്ങളോളമായി ചിത്രം റിലീസ് ചെയ്യുന്നത് സെൻസർ ബോർഡു തടഞ്ഞു വെയ്‌ക്കുകയാണ്. തലൈവാസൽ വിജയ്, ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസൽ വിജയ് എത്തുന്നത്.