കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം ബിഷപ്പിന് പോലീസ് സംരക്ഷണം നല്‍കണം

കൊച്ചി. ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിനു പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവരില്‍നിന്നു ഭീഷണിയുണ്ടെന്ന് ആര്‍ച്ച് ബിഷപ് കോടതിയില്‍ പറഞ്ഞു. പള്ളിയിലേക്കു പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്നും ആരാധന നടത്താന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശദ റിപ്പോര്‍ട്ട് നല്‍കാനും സുരക്ഷ ഒരുക്കാനും പോലീസിന് കോടതി നിര്‍ദേശം നല്‍കി.

8ന് വിശദമായി വാദംകേള്‍ക്കും. കഴിഞ്ഞ ദിവസം ബസിലിക്കയില്‍ എത്തിയ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന് കുര്‍ബാന അര്‍പ്പിക്കാന്‍ പോലും സാധിക്കാത്ത നിലയില്‍ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ആര്‍ച്ച് ബിഷപ്പ് കോടതിയെ സമീപിച്ചത്. എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സ്ഥാനമേറ്റെടുത്ത ആന്‍ഡ്രൂസ് താഴത്തിന് പള്ളിയിലേക്കു പ്രവേശിക്കാനോ ബിഷപ്പ് ഹൗസിലേക്കു കടക്കുന്നതിനോ പ്രതിഷേധം മൂലം സാധിച്ചിരുന്നില്ല.