Home kerala ദിവ്യയുടെ മരണത്തിൽ സംശയമുണ്ട്, ഇത് എങ്ങനെ, എന്തിന്​ നടന്നു എന്ന് തനിക്കറിയണമെന്ന് അമ്മ

ദിവ്യയുടെ മരണത്തിൽ സംശയമുണ്ട്, ഇത് എങ്ങനെ, എന്തിന്​ നടന്നു എന്ന് തനിക്കറിയണമെന്ന് അമ്മ

സന്യസ്ഥ വിദ്യാർഥിനിയായ ദിവ്യ പി ജോൺ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ സംശയമുണ്ടെന്ന് അമ്മ കൊച്ചുമോൾ. സി.ആർ.പി.എഫ് ഹൈദരാബാദ് യൂനിറ്റിലെ ഉദ്യോഗസ്ഥൻ ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ വീട്ടിൽ ജോൺ ഫിലിപ്പോസ് കൊച്ചുമോൾ ദമ്പതികളുടെ മകളാണ് 21 കാരിയായ ദിവ്യ. വ്യാഴാഴ്ച്ചയാണ് മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11.30 ഓടെയാണ് ദിവ്യയെ കിണറിനുളളിൽ വീണ നിലയിൽ കണ്ടത്.

കന്യാസ്ത്രീകളുടെയും പോലിസിന്റെയും അഭിപ്രായങ്ങൾ തങ്ങൾ മുഖവിലക്കെടുക്കുന്നെന്നും എന്നാൽ, പൂർണമായി വിശ്വസിക്കുന്നില്ലെന്നും കൊച്ചുമോൾ വ്യക്തമാക്കി. ഇത് എങ്ങനെ, എന്തിന്​ നടന്നു എന്ന് തനിക്കറിയണം. തങ്ങൾ പരാതി കൊടുത്തിട്ടില്ലെങ്കിലും വേണ്ടപ്പെട്ടവർ പരാതിപ്പെട്ടുകഴിഞ്ഞു. മകളുടെ മരണത്തെപ്പറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ഏറെ വേദനിപ്പിക്കുന്നതായും കൊച്ചുമോൾ വ്യക്തമാക്കി. മരണസമയത്തെ മകളുടെ വസ്ത്രധാരണത്തെപ്പറ്റി വരെ മോശമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അമ്മ പറഞ്ഞു.

ദിവ്യയെ കൊന്നുതള്ളിയതാണെന്നുവരെ ഒരു തെളിവുമില്ലാതെ പ്രചാരണം നടക്കുന്നു. ഇത് വേദനാജനകമാണ്. ചില ദുഷ്​ടമനസ്സുകളാണ് ഇതിനുപിന്നിൽ. അപ്രതീക്ഷിതമായി മകളെ നഷ്​ടപ്പെട്ട വേദനയിൽ കഴിയുന്ന തങ്ങളെ ഇത്തരം പ്രചാരണങ്ങൾ ഭ്രാന്തുപിടിപ്പിക്കുന്നതായും കൊച്ചുമോൾ പറഞ്ഞു. ദിവ്യയുടെ പിതാവ് ജോൺ ഫിലിപ്പോസ് ഇപ്പോൾ ഹോം ക്വാറൻറീനിലാണ്. അതിനുശേഷം മാത്രമേ കുടുംബം പരസ്യനിലപാട് സ്വീകരിക്കൂ എന്നാണ് വിവരം.

ദിവ്യ മരിച്ച്‌​ ഒരാഴ്​ച കഴിഞ്ഞിട്ടും സംഭവത്തിനുപിന്നിലെ ദുരൂഹത മാറ്റാനാകാതെ കുഴയുകയാണ് പൊലീസ്​. മരണം നടന്നതി​​ന്റെ തൊട്ടടുത്തദിവസം തന്നെ ഫോറൻസിക് സംഘവും ഡോഗ് സ്​ക്വാഡും പരിശോധനകൾ നടത്തിയെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിടാത്തതും ദുരൂഹത വർധിപ്പിക്കുന്നു. കോട്ടയത്തുനിന്നുള്ള പൊലീസ് സർജ​​ന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച മഠത്തിലെത്തി പരിശോധന നടത്തിയിരുന്നു.എന്നാൽ, ഇവക്കൊന്നും ഔദ്യോഗിക വിശദീകരണം നൽകാൻ കേസ്​ അന്വേഷണത്തി​​ന്റെ ചുമതലയുള്ള തിരുവല്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ആത്മഹത്യയാണെന്ന നിഗമനത്തിൽ ഉറച്ചുനിന്ന പൊലീസ് വിശദമായ പോസ്​റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന നിലപാടിലാണിപ്പോൾ.