ചില ഭക്ഷണസാധനങ്ങളോട് വ്യാക്കൂൺ ഉണ്ടാകാറുണ്ട്, ചില ആഹാരങ്ങളോട് എനിക്കും വ്യാക്കൂൺ തോന്നിയിരുന്നു, ​ഗർഭകാലത്തെ കുറിച്ച് ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ്

ഒരു സ്ത്രീയുടെ ജന്മം പൂർണ്ണമാകുന്നത് അവൾ അമ്മയാകുന്നതിലൂടെയാണ്. താൻ അമ്മയായ സന്തോഷവും അമ്മ എന്ന പദവി എങ്ങനെ ആസ്വദിക്കുന്നുവെന്ന് പറയുകയാണ് ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേരള സംസ്ഥാന മിഷൻ ഡയറക്ടറാണ് ഇപ്പോൾ ഡോ. ദിവ്യ എസ്. അയ്യർ. അരുവിക്കര എംഎൽ എ കെ. എസ്. ശബരീനാഥന്റെ ഭാര്യയും കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ ജി.കാർത്തികേയന്റെ മരുമകളുമാണ് ദിവ്യ.

അമ്മയെന്ന ആനന്ദത്തിലേക്ക് ദിവ്യ ഐഎഎസ് എത്തിയിട്ട് പത്തുമാസമേ ആയിട്ടുള്ളൂ. അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞ നിമിഷം എല്ലാവരെയും പോലെ വലിയ ആവേശവും സന്തോഷവുമായിരുന്നു മനസ്സിലെന്ന് ദിവ്യ പറയുന്നു. ആരോഗ്യകാര്യത്തിലും പോഷക ആഹാരകാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും ദിവ്യ വിശേഷങ്ങൾ പങ്കുവെച്ചു. ഗർഭകാലം ലാഘവത്വമുള്ളതാക്കാനും മാനസിക പിരിമുറുക്കം അകറ്റാനും സംഗീതം ഏറെ പ്രിയപ്പെട്ട കൂട്ടായിരുന്നു. കഴിയുന്നത്ര എപ്പോഴും പാടിക്കൊണ്ടിരുന്നു. അല്ലെങ്കിൽ മുറിയിൽ പാട്ട് കേട്ടിരുന്നു. അത് ഒരു പുത്തനുണർവ് നൽകിയെന്നും ദിവ്യ പറയുന്നു.

ഡോക്ടറായതു കൊണ്ടുതന്നെ പ്രഗ്‌നന്റ് ആണെന്നറിഞ്ഞപ്പോൾ ഒബ്സ്‌റ്റെട്രിക്സ് പുസ്തകമാണ് വായിച്ചുതുടങ്ങിയത്. ഒട്ടേറെ സ്ത്രീകളുടെ ഗർഭകാല, പ്രസവസംരക്ഷണത്തിൽ ഏർപ്പെട്ടിരുന്ന വ്യക്തി എന്ന നിലയിൽ അതേക്കുറിച്ചു നേരത്തെ അറിഞ്ഞ കാര്യങ്ങൾ പ്രയോജനകരമായെന്നും ദിവ്യ പറയുന്നു.

അയൺ, ഫോളിക് ആസിഡ് ഗുളികകൾ കൃത്യമായി കഴിച്ചു. കൃത്യനിഷ്ഠ അൽപം കൂടി വർധിച്ചതാണു ഗർഭകാലത്തെ ശ്രദ്ധേയമായ മാറ്റമെന്ന് ദിവ്യ പറയുന്നു. ഗർഭകാലത്ത് എന്റെ ആരോഗ്യം കുഞ്ഞിന്റെ കൂടി ആരോഗ്യമാണെന്ന ബോധ്യം വന്നതു കൊണ്ടു വെള്ളം കുടിക്കുന്നതിലും പാലു കുടിക്കുന്നതിലും ആഹാരം കഴിക്കുന്നതിലും വളരെ കൃത്യനിഷ്ഠ പുലർത്തി.

ഗർഭകാലം ശരീരവുമായി ഒരു സ്ത്രീയുടെ ബന്ധം ഏറ്റവും വർധിക്കുന്ന കാലമാണു. ശരീരത്തിലെ ഓരോ ചെറിയ മാറ്റങ്ങളും, ചർമത്തിലും മുടിയിലും ദാഹത്തിലും വിശപ്പിലുമൊക്കെ വരുന്ന മാറ്റങ്ങൾ നമ്മളറിയുന്നുണ്ട്. ഭാരം വർധിക്കും, ചില ഭക്ഷണസാധനങ്ങളോട് വ്യാക്കൂൺ ഉണ്ടാകാറുണ്ട്. ചില ആഹാരങ്ങളോട് എനിക്കും വ്യാക്കൂൺ തോന്നിയിരുന്നു.

ഈ ചെറിയ മാറ്റങ്ങൾ നാം ശ്രദ്ധിച്ചു തുടങ്ങുമ്പോൾ ശരീരത്തോടുള്ള നമ്മുടെ ബന്ധം വർധിക്കുകയാണ്. മറ്റാരുടെ അനുഭവങ്ങൾ നാം വായിച്ചും കേട്ടും ഹൃദിസ്ഥമാക്കിയാലും നമ്മുടെ ശരീരത്തിന്റെ ശബ്ദം വളരെ ശ്രദ്ധാപൂർവം കേൾക്കുക, അതനുസരിച്ച് ജീവിക്കുക എന്നതാണ് പ്രധാനം. എന്താണ് കൃത്യമായി ആവശ്യം എന്നു ശരീരം നമ്മോടു പറയുന്ന കാലം കൂടിയാണിത്.