സാബു മോന്റെ ദോഷ പ്രവർത്തികളിൽ എന്നെ ക്രൂശിക്കരുത്, ദിയ സന

ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ, ട്രാൻസ് വുമൺ ഒരു സ്ത്രീയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? തുടങ്ങിയ തലക്കെട്ടുകളിൽ സാബുമോൻ ആരംഭിച്ച ചർച്ചകൾ വലിയ വിവാദമായിരുന്നു. ട്രാൻസ്ഫോബിക് പരാമർശം നടത്തിയ നടൻ സാബുമോനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ക്ലബ് ഹൗസിൽ നടന്ന ചർച്ചയിലാണ് സാബുമോൻ ട്രാൻസ്ഫോബിക്ക് ആയ പരാമർശങ്ങൾ നടത്തിയത്.

വിഷയത്തിൽ ദിയ സന പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സാബു എൻ്റെ സുഹൃത്തായത് കൊണ്ട് അയാൾ പറയുന്നതിനും പ്രവർത്തിക്കുന്നതിനും എനിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ല. അയാളുടെ ട്രാൻസ്ഫോബിക് അരാഷ്ട്രീയ പ്രകടനങ്ങൾക്ക് ഞാൻ മറുപടി പറയണം എന്നാവശ്യപ്പെടുന്ന സുഹൃത്തുക്കളോട് സ്നേഹത്തോടെ പറയട്ടെ, എൻ്റെ ചുറ്റിനും നിൽക്കുന്ന ഒരു മനുഷ്യൻ്റെയും രാഷ്ട്രീയ വിശ്വാസങ്ങൾക്കും, ഒരു തരത്തിലുള്ള കാഴ്ച്ചപ്പാടുകൾക്കും എനിക്ക് ഉത്തരവാദിത്വമില്ലെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ആദ്യമെ തന്നെ പറയട്ടെ, ഇന്നലെ സാബുമോൻ ക്ലബ് ഹൗസിൽ ട്രാൻസ് സമൂഹത്തിനെതിരെ നടത്തിയ പരാമർഷങ്ങൾക്കെതിരെയാണ് എൻ്റെ രാഷ്ട്രീയം. സാബുവിൻ്റെ അത്തരം റിഗ്രസീവ് കാഴ്ച്ചപാടുകൾക്കെതിരെ പരസ്യ നിലപാടുകൾ സ്വീകരിക്കണമെന്നതിൽ എനിക്ക് തർക്കവുമില്ല, അത് ഞാൻ ചെയ്യാറുമുണ്ട്. അതെൻ്റെ രാഷ്ട്രീയ ബാധ്യതയായി കണ്ട് അത്തരം മനുഷ്യരെ രാഷ്ട്രീയമായി എതിർക്കാറുമുണ്ട്.

സാബു എൻ്റെ സുഹൃത്തായത് കൊണ്ട് അയാൾ പറയുന്നതിനും പ്രവർത്തിക്കുന്നതിനും എനിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ല. അയാളുടെ ട്രാൻസ്ഫോബിക് അരാഷ്ട്രീയ പ്രകടനങ്ങൾക്ക് ഞാൻ മറുപടി പറയണം എന്നാവശ്യപ്പെടുന്ന സുഹൃത്തുക്കളോട് സ്നേഹത്തോടെ പറയട്ടെ, എൻ്റെ ചുറ്റിനും നിൽക്കുന്ന ഒരു മനുഷ്യൻ്റെയും രാഷ്ട്രീയ വിശ്വാസങ്ങൾക്കും, ഒരു തരത്തിലുള്ള കാഴ്ച്ചപ്പാടുകൾക്കും എനിക്ക് ഉത്തരവാദിത്വമില്ല. അവരെ ആവുന്നത് പോലെ തിരുത്താൻ ശ്രമിക്കാറുണ്ട്. അവരുടെ വിജയങ്ങളിൽ നിങ്ങളെന്നെ അഭിനന്ദിക്കാറില്ലാത്തത് പോലെ അവരുടെ ദോഷ പ്രവർത്തികളിൽ എന്നെ ക്രൂശിക്കുകയും ചെയ്യരുത്. ഒരു പരിധിക്കപ്പുറം ഞാനൊഴികെ എല്ലാരും എനിക്ക് അന്യരാണ്..