തമിഴ്‌നാടിന് പ്രത്യേക രാജ്യം വേണമെന്ന് ഡിഎംകെ നേതാവ് എ രാജയുടെ ദേശവിരുദ്ധപ്രസ്താവന.

 

ചെന്നൈ/ തമിഴ്‌നാടിന് പ്രത്യേക രാജ്യം വേണമെന്ന് ഡിഎംകെ നേതാവ് എ രാജയുടെ ദേശവിരുദ്ധപ്രസ്താവന. തമിഴ്‌നാടിന് പ്രത്യേക രാജ്യം എന്ന ആവശ്യത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് ആണ് ഡിഎംകെ നേതാവ് എ രാജ രാജ്യ ദ്രോഹപരമായ പ്രസ്താവന നടത്തിയിരിക്കുന്നത്. തമിഴ്‌നാടിന് സ്വയം ഭരണാധികാരം നല്‍കണമെന്ന് ഡിഎംകെ നേതാവ് എ രാജ പ്രധാമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെടുകയായിരുന്നു. സ്വയംഭരണാവകാശം ലഭിക്കുന്നതുവരെ വിശ്രമിക്കില്ലെന്നാണ് എ രാജ പറഞ്ഞിരിക്കുന്നത്.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കവെയാണ് രാജ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. പെരിയാര്‍ സ്വതന്ത്ര തമിഴ്‌നാട് എന്ന ആശയത്തിന് വേണ്ടിയാണ് വാദിച്ചതെന്നും എന്നാല്‍ ഡിഎംകെ ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോയെന്നും രാജ പറയുകയുണ്ടായി.

‘ഡിഎംകെ പെരിയാറിനെ അംഗീകരിച്ചെങ്കിലും, രാജ്യത്തിന്റെ അഖണ്ഡതയെയും ജനാധിപത്യത്തെയും പിന്തുണച്ചു, ‘ഇന്ത്യ നീണാള്‍ വാഴട്ടെ’ എന്ന് പറഞ്ഞു. പാര്‍ട്ടി ആ ലൈനില്‍ ഉറച്ചുനില്‍ക്കുന്നു’- രാജ പറയുകയുണ്ടായി. ‘മുഖ്യമന്ത്രി സ്റ്റാലിന്‍ അണ്ണാദുരൈയുടെ പാതയിലാണ് പോകുന്നത്. പെരിയാറിന്റെ പാത തെരഞ്ഞെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കരുതെന്ന് പ്രധാനമന്ത്രിയോടും അമിത് ഷായോടും വിനയപൂര്‍വം പറയുകയാണ്’-രാജ വിവാദ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നു.