തലവേദനയും ഛര്‍ദ്ദിയും ബുദ്ധിമുട്ടിലാക്കിയ യുവതിയുടെ തലോച്ചര്‍ സ്‌കാന്‍ ചെയ്തപ്പോള്‍ കണ്ടെത്തിയത്

കുറെ ദിവസങ്ങളആയി തലവേദനയും ഛര്‍ദ്ദിയും കലശലായിരുന്ന ടെക്‌സാസ് സ്വദേശിയായ ജെറാര്‍ഡോ മൈഗ്രേയ്ന്‍ ആയിരിക്കാം എന്നായിരുന്നു കരുതിയിരുന്നത്. അതിനാല്‍ വേദനയ്ക്കുള്ള മരുന്ന് കഴിച്ച് വിശ്രമം എടുക്കുകയായിരുന്നു പതിവ്. എന്നാല്‍ ഈയടുത്തായി തലവേദന അസഹനീയമായി മാറി. തലയ്ക്കുള്ളില്‍ എന്തോ കുത്തിത്തുളഞ്ഞ് കയറുന്നത് പോലുള്ള വേദനയും അതിനൊപ്പം ഛര്‍ദ്ദിയും തലകറക്കവും കൂടി അനുഭവപ്പെടാന്‍ തുടങ്ങി.

തലവേദന കാരണം ജോലി പോലും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഇദ്ദേഹം ആശുപത്രിയിലെത്തി. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാരുടെ നിഗമനവും മൈഗ്രെയ്ന്‍ ആയിരിക്കാം എന്നുതന്നെ ആയിരുന്നു. എന്നാല്‍ വിശദപരിശോധനയില്‍ സംഗതി മൈഗ്രേയ്ന്‍ അല്ലെന്ന് കണ്ടെത്തി. പിന്നീട് തലച്ചോര്‍ സ്‌കാന്‍ ചെയ്തു നോക്കി. അപ്പോഴാണ് തലയ്ക്കകത്ത് എന്തോ വളര്‍ച്ചയുള്ളതായി ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചത്. ട്യൂമര്‍ ആയിരിക്കുമെന്നാണ് 90 ശതമാനവും അവര്‍ ഉറപ്പിച്ചത്. എന്നാല്‍ ഡോക്ടര്‍മാരുടെ ആ നിഗമനവും തെറ്റായി. ഒരു പരാദവിരയായിരുന്നു ജെറാര്‍ഡോയ്ക്ക് പ്രശ്നമുണ്ടാക്കിയിരുന്നത്!

ശരിയായ രീതിയില്‍ പാകം ചെയ്യാതെ കഴിച്ച മാംസത്തില്‍ നിന്ന് എപ്പോഴോ ശരീരത്തിലെത്തിയ വിരയായിരുന്നു ഇത്. തീരെ ചെറുതായിരിക്കുമ്‌ബോള്‍ തലയിലെത്തിയതാകാം. പിന്നീട് വര്‍ഷങ്ങളുടെ സമയമെടുത്ത് ഇത് പതിയെ വളര്‍ന്നതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാധാരണഗതിയില്‍ ശരീരത്തില്‍ കയറിക്കൂടുന്ന വിരകള്‍ ഇത്രയും വലിപ്പമാകാറില്ലെന്നും ജെറാര്‍ഡോയുടെ കേസ് ഒരപൂര്‍വ്വ സംഭവമാണെന്നും ഇവര്‍ പറയുന്നു. തലച്ചോറില്‍ വിര താമസമാക്കിയതോടെ രോഗി മരിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നുവെന്നും അദ്ദേഹം രക്ഷപ്പെട്ടത് അത്ഭുതമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കൊല്‍ക്കത്തയില്‍ കടുത്ത ചുമ കൊണ്ട് വിഷമിച്ച 12 കാരന്റെ രോ​ഗം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍ ബുദ്ധിമുട്ടി. ഒടുവില്‍ ശ്വാസകോശത്തിന്റെ സിടി സ്കാന്‍ എടുത്തപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി. ശ്വാസകോശത്തില്‍ പേനയുടെ അടപ്പ് കുടുങ്ങിക്കിടക്കുന്നു. ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുത്തതോടെ കുട്ടിക്ക് ആശ്വാസമായി. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

കടുത്ത ചുമയും കഫക്കെട്ടും മൂലം ഗാരിയ സ്വദേശിയായ 12 കാരനാണ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. പരിശോധനയില്‍ ചുമയ്ക്ക് കാരണമൊന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ശ്വാസകോശത്തില്‍ എന്തെങ്കിലും കടന്നിട്ടുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം ഉണ്ടായത്. ഇതു കണ്ടെത്താനായി സിടി സ്‌കാന്‍ ചെയ്തു. ഇതോടെയാണ് കുട്ടിയുടെ ശ്വാസകോശത്തില്‍ പേനയുടെ അടപ്പ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.

സ്‌കാനില്‍ കുട്ടിയുടെ ഇടത് ശ്വാസകോശത്തില്‍ അടപ്പ് കണ്ടെത്തുകയായിരുന്നെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. അരുണാഭ സെന്‍ഗുപ്ത പറഞ്ഞു. ബ്രോണ്‍കോസ്‌കോപ്പിയിലൂടെ ഇത് പുറത്തെടുത്തു. ഇപ്പോള്‍ കുട്ടി അപകടനില തരണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ മാസത്തില്‍ കുട്ടി പേനയുടെ അടപ്പ് വിഴുങ്ങിയിരുന്നതായി കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. അന്ന് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിരുന്നില്ല. അത്തരത്തിലൊരു വസ്തു വിഴുങ്ങിയിരുന്നെങ്കില്‍ ഇതിനകം കുട്ടിക്ക് അപകടം സംഭവിച്ചിട്ടുണ്ടാകുമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

തിരുവനന്തപുരത്തെ യുവതി മൂക്കില്‍ 20 വര്‍ഷം ബട്ടണുമായി ജീവിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. വിശദാംശങ്ങളിങ്ങനെ. കുട്ടിക്കാലം മുതല്‍ മൂക്കടപ്പും മൂക്കില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധവും കാരണം വളരെ ബുദ്ധിമുട്ടിയ ഒരു യുവതി ഇരുപതു വര്‍ഷത്തെ ബുദ്ധിമുട്ടിനു ശേഷം പട്ടത്തെ എസ്യുടി ബിആര്‍ ലൈഫ് ആശുപത്രിയില്‍ ചികിത്സക്കെത്തി. യുവതിയെ ഇഎന്‍ടി അസോയിയേറ്റ് കണ്‍സല്‍റ്റന്റ് ഡോ. അമ്മു ശ്രീ പാര്‍വതി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. മൂക്കിനുള്ളില്‍ അസാധാരണ മാംസവളര്‍ച്ചയും പഴുപ്പുകെട്ടലും കണ്ട് വിദഗ്ധമായ സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് മാംസ വളര്‍ച്ചയ്ക്കുളളില്‍ മറ്റെന്തോ വസ്തു ഉണ്ടെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് റൈനോലിത്ത് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

കല്ലുപോലുള്ള വസ്തു പഴയ കാലത്തെ പ്ലാസ്റ്റിക് ബട്ടണായിരുന്നു. അതു പുറത്തെടുത്തതോടെ കെട്ടികിടന്ന പഴുപ്പ് പുറത്തേക്കൊഴുകി. ബട്ടണ് ചുറ്റും മാംസം വളര്‍ന്ന് ശ്വസനപാത തടഞ്ഞതായിരുന്നു ശ്വാസ തടസ്സത്തിന് കാരണം. മാംസം പഴുത്തത് ദുര്‍ഗന്ധത്തിനും ഇടയാക്കി. വളരുന്തോറും ഈ ബുദ്ധിമുട്ട് കൂടിക്കൊണ്ടിരുന്നു. ഇതിനിടെ ചികിത്സകള്‍ പലതും നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ എന്നാണ് ബട്ടണ്‍ മൂക്കിനുള്ളില്‍ അകപ്പെട്ടതെന്ന് 22-കാരിയ്ക്ക് ധാരണയില്ല. ഓര്‍മ വച്ചതിനുശേഷം അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വീട്ടുകാരും യുവതിയും പറയുന്നത്. അതിനാല്‍ ഒന്നോ രണ്ടോ വയസ്സുള്ളപ്പോഴായിരിക്കണം ബട്ടണ്‍ മൂക്കിനുളളില്‍ പോയതെന്ന് കരുതുന്നു.

അടുത്തയാഴ്ചയില്‍ യുവതിയുടെ വിവാഹം തീരുമാനിച്ചിരിക്കയാണ്. പ്ലാസ്റ്റിക് ബട്ടണ്‍ പോലൊരു അന്യവസ്തു മൂക്കില്‍ പെട്ടുപോകുന്നതും രണ്ട് പതിറ്റാണ്ടോളം അവിടെത്തന്നെയിരുന്ന് ശ്വാസതടസ്സത്തിനും പഴുപ്പുകെട്ടി ദുര്‍ഗന്ധമുണ്ടാകുന്നതിനും കാരണമാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമായാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.