സംസ്‌കാരം നടന്നിട്ട് 10 ദിവസം, യജമാനന്റെ ചിതക്കരികില്‍ നിന്ന് മാറാതെ വളര്‍ത്തുനായ, നൊമ്പര കാഴ്ച

പലപ്പോഴും വളര്‍ത്തു മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധം വാര്‍ത്തകളാകാറുണ്ട്. തെങ്ങു കയറ്റ തൊഴിലാളിയായിരുന്ന ദിവാകരന്റെ വളര്‍ത്തുനായ അര്‍ജു ഏവരെയും സങ്കടത്തിലാഴ്ത്തുകയാണ്. ദിവാകരന്റെ വേര്‍പാടില്‍ മനംനൊന്ത് നടക്കുകയാണ് അര്‍ജു.

കൊല്ലം മൈനാഗപ്പള്ളി ഇടവനശ്ശേരി കളത്തിലയ്യത്ത് വീട്ടില്‍ ദിവാകരന്‍ എന്ന 62കാരന്‍ ഈ മാസം ഒന്നിനാണ് മരിച്ചത്. കാന്‍സര്‍ രോഗ ബാധിതനായിരുന്ന ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്‌കാരം നടന്ന് പത്ത് ദിവസമായിട്ടും ചിതയൊരുക്കിയ സ്ഥലത്ത് തന്നെ തന്റെ യജമാനനായി കാത്തിരിക്കുകയാണ് അര്‍ജു.

ദിവകരന്‍ ജീവിച്ചിരിക്കെ പണി സ്ഥലത്ത് ഉള്‍പ്പെടെ എല്ലായിടത്തും അര്‍ജുവും കൂടെ പോകുമായിരുന്നു. ഇപ്പോള്‍ രണ്ടര വയസുള്ള അര്‍ജു ദിവാകരന്റെ വീട്ടില്‍ വന്ന് കയറിയതാണ്. ആഹാരവും സ്‌നേഹവും നല്‍കി ദിവാകരന്‍ വളര്‍ത്തി. ഇപ്പോള്‍ അര്‍ജുവും ദിവാകരനും തമ്മിലുള്ള സ്‌നേഹബന്ധത്തെ കുരിച്ച് പറയുകയാണ് മകന്‍ ബിജു.

”അച്ഛന്‍ പണിക്കുപോകുന്ന വീടുകളിലും അവന്‍ കൂടെപ്പോകുമായിരുന്നു. ആരെയും ഉപദ്രവിക്കില്ല. അച്ഛനോട് അത്ര അടുപ്പമായിരുന്നു. സംസ്‌കാരം നടന്നത് ഈ മാസം രണ്ടിനാണ്. അന്നു തൊട്ട് ചിതയൊരുക്കിയ സ്ഥലത്ത് നിന്നു മാറാന്‍ കൂട്ടാക്കുന്നില്ല. പകല്‍ അഴിച്ചുവിടുമ്പോഴെക്കെ അവിടെപ്പോയി മണ്ണോടു ചേര്‍ന്നു കിടക്കും. അച്ഛന്റെ മരണശേഷം ആദ്യത്തെ കുറച്ചുദിവസം ആഹാരമേ കഴിച്ചില്ല. അന്ന്, മൃതദേഹം കിടത്തിയ മുറിക്കുള്ളിലേക്കും ഇടയ്‌ക്കൊക്കെ വന്നുനോക്കും. ചിതയെരിയുമ്പോഴും മാറാതെ അടുത്തുതന്നെയുണ്ടായിരുന്നു. ഇപ്പോള്‍ കുഴിമാ ടത്തിനരികില്‍ പോയി കിടക്കും. അപരിചിതര്‍ അടുത്തുവന്നാല്‍ മാത്രം ഒന്നു മാറിനില്‍ക്കും. അച്ഛന്‍ ഇനി വരില്ലെന്ന് അവനു മനസ്സിലായിക്കാണും.”