ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നേക്കുമായി മരവിപ്പിച്ചു; നിശ്ശബ്ദനാക്കാന്‍ കഴിയില്ലെന്ന് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നേക്കുമായി മരവിപ്പിച്ച് സമൂഹമാദ്ധ്യമമായ ട്വിറ്റര്‍. യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറി പ്രക്ഷോഭം നടത്താന്‍ അണികളെ പ്രേരിപ്പിച്ചതിന്റെ പേരിലാണ് ട്വിറ്ററിന്റെ നടപടി. ആദ്യം ഇരുപത്തിനാല് മണിക്കൂര്‍ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ ഭാവിയിലും ട്രംപ് പ്രകോപനമുണ്ടാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് സ്ഥിരമായി അക്കൗണ്ട് നീക്കിയത്.

ട്രംപിന്റെ അടുത്തിടെയുളള ട്വീറ്റുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ട്രംപിന്റെ ട്വീറ്റുകള്‍ അക്രമത്തിന് പ്രേരണ നല്‍കിയേക്കാവുന്നതാണ്. ഇത് അപകടമുണ്ടാക്കാനുള്ള കാരണമായിമാറുമെന്നതുകൊണ്ടാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

അതേസമയം തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് ട്രംപ് പ്രതികരിച്ചു. ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് ട്വിറ്റര്‍ ജീവനക്കാര്‍ അക്കൗണ്ട് നീക്കാന്‍ ഗൂഢോലാചന നടത്തുകയായിരുന്നു. ഏഴരക്കോടി ദേശസ്‌നേഹികള്‍ തനിക്ക് വോട്ട് ചെയ്തതായും ട്രംപ് വ്യക്തമാക്കി. പുതിയ ഭരണനേതൃത്വം സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന ട്വീറ്റാണ് ട്രംപ് ഏറ്റവും ഒടുവില്‍ ചെയ്തത്.