മോദിയെ വരവേല്‍ക്കുന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ പങ്കെടുക്കാന്‍ ട്രംപ് എത്തും

വാഷിങ്ടണ്‍: ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കുന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. പരിപാടിയില്‍ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഔ​ദ്യോ​ഗികമായി സ്ഥിരീകരിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹമാണ് പരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത ആഴ്ചയാണ് ഹൗഡി മോദി പരിപാടി നടക്കുക.

വാഷിങ്ടണില്‍ നിന്ന് സഞ്ചരിച്ച്‌ ഹൂസ്റ്റണിലേക്ക് ട്രംപ് വരുക എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ തെളിവെന്ന് ഇന്ത്യ പ്രതികരിച്ചു. പരിപാടിയില്‍ ട്രംപ് പങ്കെടുക്കുമെന്നത് ചരിത്രപരമാണെന്നും ഇന്ത്യ വ്യക്തമാക്കി. ഊര്‍ജം, വ്യാപാരം എന്നീ മേഖലകളിലെ ബന്ധം ശക്തമാക്കുമെന്നാണ് വൈറ്റ് ഹൈസില്‍ നിന്നുള്ള വിവരം.

‘ഹൗഡി മോദി’ പരിപാടിയില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ ചരിത്രപരമെന്ന് ഇന്ത്യ വിശേഷിപ്പിച്ചു. ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ തെളിവാണ് ഈ തീരുമാനം കാണിക്കുന്നതെന്നും ഇന്ത്യന്‍ അംബാസഡര്‍ പ്രതികരിച്ചു.

മാര്‍പാപ്പ കഴിഞ്ഞാല്‍ ഒരു വിദേശ രാജ്യത്തെ നേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണം ആയിരിക്കും ഇതെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 8000 പേര്‍ രജിസ്‌ട്രേഷനായി കാത്തിരിക്കുകയാണ്.