വോട്ടു പിടിക്കാൻ കപട വാഗ്ദാനങ്ങൾ നൽകി ജനത്തിനെ പറ്റിക്കേണ്ട – തിരഞ്ഞെടുപ്പ് കമ്മീഷൻ.

ന്യൂഡൽഹി. തിരഞ്ഞെടുപ്പിൽ കപട വാഗ്ദാനങ്ങൾ നൽകി രാഷ്ട്രീയ പാർട്ടികൾ വോട്ട് പിടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിനായി രാഷ്‌ട്രീയ പാർട്ടികൾ വകയിരുത്തുന്ന തുകയുടെ കൃത്യമായ വിവരങ്ങൾ വോട്ടർമാരെ അറിയിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ബാദ്ധ്യസ്ഥമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കത്തയച്ചു. സൗജന്യങ്ങൾ നൽകി വോട്ട് പിടിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ അപ്രസക്തമാക്കുമെന്ന മോദിയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിവെച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.

സ്വതന്ത്രവും മാന്യവും സുതാര്യവുമായ രീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തപ്പെടേണ്ടത് ജനാധിപത്യത്തിൽ അനിവാര്യമാണ്. അർഹരായ എല്ലാ വോട്ടർമാർക്കും തങ്ങളുടെ സമ്മതിദാന അവകാശം സ്വതന്ത്രമായ മനസ്സോടെ, ഭയരഹിതമായി, പ്രലോഭനങ്ങൾക്ക് വിധേയപ്പെടാതെ ഉപയോഗിക്കാൻ സാധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം മനസ്സിലാക്കി സമ്മതിദാനാവകാശം നിർവഹിക്കണം എന്നത് അത്യന്താപേക്ഷിതമാണ്. അതിനാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നയപരിപാടികളുടെയും സാമ്പത്തിക രേഖ രാഷ്‌ട്രീയപാർട്ടികൾ കൃത്യമായി കൈയ്യിൽ കരുതണം. തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കാനുള്ള രാഷ്‌ട്രീയ പാർട്ടികളുടെ അവകാശത്തെ കമ്മീഷൻ മാനിക്കുന്നു. എന്നാൽ, പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനുള്ള നയരേഖ, സാമ്പത്തിക സ്രോതസ്സ് ഉൾപ്പെടെ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യമെങ്കിൽ വോട്ടർമാരോട് വെളിപ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

സൗജന്യങ്ങൾ നൽകി വോട്ട് പിടിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ അപ്രസക്തമാക്കും. ഇത് സർക്കാർ ഖജനാവുകൾക്ക് മേൽ അനാവശ്യ ബാദ്ധ്യതകൾ അടിച്ചേൽപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ അഭിപ്രായം സുപ്രീം കോടതിയും പിന്നീട് ശരിവെച്ചിരുന്നു. ഇതേ നിലപാട് കുറച്ചു കൂടി കൃത്യതയോടെ വ്യക്തമാക്കിയിരിക്കുകയാണ് നിലവിലെ നടപടിയിലൂടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നതാണ് ശ്രദ്ധേയം.