സര്‍ക്കാര്‍ ചിലവില്‍ ആശംസ അച്ചടിച്ച് അയയ്‌ക്കേണ്ട; വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം. വിശേഷദിവസങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ ആശംസകള്‍ അച്ചടിച്ച് അയയ്ക്കുന്നതിനു വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. വിവര-സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മാര്‍ഗങ്ങള്‍ നിലവിലുള്ള കാലയളവില്‍ ആശംസകള്‍ അച്ചടിച്ച് അയയ്ക്കേണ്ട ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി ഡോ വിപി ജോയ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

വിശേഷദിവസങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികളും സ്ഥാപനങ്ങളും ആശംസാ കാര്‍ഡുകള്‍ അച്ചടിക്കുകയും അവ ഓഫിസ് സെക്ഷനുകള്‍ വഴി അയച്ചു നല്‍കുകയും ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഇതുവഴി ഉണ്ടാകുന്ന ധനനഷ്ടവും പരിസ്ഥിതി നാശവും കണക്കിലെടുത്ത് സര്‍ക്കാര്‍ ചെലവില്‍ ഇനി ആശംസാകാര്‍ഡുകള്‍ അച്ചടിച്ച് നല്‍കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.