വളര്‍ന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്ത് സുരക്ഷയാണ്, ഫ്രീഡമാണ് ഉള്ളത്, ഡോ. അനുജ ജോസഫ് ചോദിക്കുന്നു

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ശാരീരിക ബന്ധത്തിലെ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെയാണ് ചര്‍ച്ച. ഇതിനിടെ മലപ്പുറം പാണ്ടിക്കാട് പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീണ്ടും ദുരുപയോഗത്തിന് ഇരയായത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. അനുജ ജോസഫ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ഡോ. അനുജ ജോസഫിന്റെ കുറിപ്പ്, Freedom, freedom എന്നു നാഴികയ്ക്ക് നാല്‍പതു വട്ടവും പറയുന്ന സമൂഹമേ ലജ്ജിച്ചു തല താഴ്ത്തുക. സത്യത്തില്‍ എന്തിനുള്ള freedom ആണ് നമുക്ക് വേണ്ടത്.അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട sexual freedom ഒന്നു കൊണ്ടു മാത്രം ഈ സമൂഹം നന്നാകുമോ. സ്ത്രീയെ കേവലം ഉപഭോഗ വസ്തുവായി കാണുന്നവരത്രേ ഈ നാടിന്റെ ശാപമെന്നതില്‍ തര്‍ക്കമില്ല. മലപ്പുറം പാണ്ടിക്കാട് ഭാഗത്തു പോക്‌സോ കേസില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടി വീണ്ടും വീണ്ടും പീഡനത്തിനിരയായ സംഭവം സംസ്!കാരിക കേരളത്തിന് അപമാനമാണ്.

തുല്യതയ്ക്കും, സ്വതന്ത്ര്യത്തിനും മുറവിളി കൂട്ടി,ഫോര്‍പ്ലേയും ഡിസ്‌പ്ലേയും ചര്‍ച്ച ചെയ്തിരിക്കുന്ന ഞാനുള്‍പ്പെട്ട സമൂഹമേ ഇതൊന്നും കാണുന്നില്ലേ, വളര്‍ന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്തു സുരക്ഷയാണ്, freedom ആണ് നമ്മള്‍ ഉറപ്പു വരുത്തുന്നത്. മലപ്പുറത്ത്,2016ല്‍ ശിശുസംരക്ഷണ സമിതി, പീഡന വിധേയയായ 13കാരിയെ വീട്ടുകാരോടൊപ്പം അയക്കുന്നു, തുടര്‍ന്നും ഉപദ്രവിക്കപ്പെടുന്ന പെണ്‍കുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടയക്കുന്നു, 2020ല്‍ 29പേര്‍ കൂടി ആ കുട്ടിയെ പീഡിപ്പിക്കുന്നു. ഈ സംഭവത്തില്‍ ആരാണ് കുറ്റക്കാര്‍, ആ കുട്ടിക്ക് സംരക്ഷണം നല്‍കേണ്ട വീട്ടുകാരുള്‍പ്പെടെ പ്രതികള്‍ ആണ്.

ഒരു പ്രാവശ്യം വീട്ടുകാരോടൊപ്പം പറഞ്ഞയച്ച കുട്ടി തുടര്‍ന്നും ഇരയാക്കപ്പെട്ടപ്പോള്‍ അവള്‍ സുരക്ഷിത അല്ല അവളുടെ വീട്ടിലെന്നു തിരിച്ചറിയാന്‍ കഴിയാത്ത ശിശു സംരക്ഷണം അവകാശപ്പെടുന്നവര്‍ രാജി വച്ചു വീട്ടില്‍ പോയിരിക്കു, വീട്ടുകാര്‍ അറിഞ്ഞു കൊണ്ടുള്ള പീഡനമാണെങ്കില്‍ അവരും ശിക്ഷിക്കപ്പെടണം, അങ്ങനെ ആണെങ്കില്‍ എന്തായിരിക്കും ആ പെണ്‍കുട്ടിയുടെ മാനസികഅവസ്ഥ, ആകെ തകിടം മറിഞ്ഞ അവളെ നല്ലൊരു കൗണ്‍സിലിങ് നു വിധേയമാക്കുക, സുരക്ഷ ഉറപ്പു വരുത്തുന്ന മറ്റെവിടെക്കെങ്കിലും മാറ്റുക.ഭയമില്ലാതെ ജീവിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാകണം.

നമ്മുടെ ചുറ്റുപാടുമൊന്നു കണ്ണോടിക്കുക, എനിക്കോ നിങ്ങള്‍ക്കോ ഒരാളെ എങ്കിലും രക്ഷപ്പെടുത്താന്‍ കഴിയുമെങ്കില്‍ അത്രയും നല്ലത്. അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ വളരുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി ഒരു shelter കൊടുക്കാനായാല്‍ നല്ലത്. കുഞ്ഞുങ്ങളുടെ ശരീരത്തെ പോലും വെറുതെ വിടാത്ത ജന്തുക്കളെ ശിക്ഷിക്കാന്‍ സമൂഹം ഒറ്റകെട്ടായി നില്‍ക്കുക. ഒരു ഭയവും ഇല്ലാതെ ശരീരവും മനസ്സും നമ്മുടേതാക്കി ജീവിക്കാന്‍ കഴിയുന്ന ഇടങ്ങള്‍ ഉയരട്ടെ. നമ്മുടെ കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ ഭയമല്ല, പുഞ്ചിരി നിറയട്ടെ. ഹൃദയങ്ങളില്‍ പ്രതീക്ഷകളും.