ജീവിതം അവസാനിപ്പിച്ചാല്‍ സ്വസ്ഥമായെന്ന മണ്ടത്തരം ദയവു ചെയ്താരും ചിന്തിക്കരുത്, ഡോ. അനുജ ജോസഫ് പറയുന്നു

ദിനംപ്രതി നിരവധി മരണ വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഇതില്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്ന വാര്‍ത്തകളും പുറത്തെത്തുന്നുണ്ട്. കോട്ടയത്ത് ട്വന്റിഫോര്‍ ചാനല്‍ ബ്യുറോ ചീഫ് ജീവനൊടുക്കിയിരുന്നു. അത് മാത്രമല്ല ഫോണ്‍വിളിച്ച് ട്രെയിന് മുന്നിലേക്ക് നടന്ന് ജീവനൊടുക്കിയ യുവാവും ഏവരെയും നടുക്കിയ വാര്‍ത്തകളായിരുന്നു. ഇപ്പോള്‍ ആത്മഹത്യയെ കുറിച്ച് ഡോ. അനുജ ജോസഫ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഡോ. അനുജ ജോസഫിന്റെ കുറിപ്പ്, ജീവനാണോ അതോ ജീവിതമാണോ വലുതെന്ന സമസ്യക്ക് ഉത്തരം കണ്ടെത്താന്‍ കഴിയാതെ ഈ ലോകത്തില്‍ നിന്നും പോകുന്നവരാണധികവും. ജീവിതം ശെരിയായാല്‍ അല്ലെ സുഹൃത്തേ ജീവന്‍ ഉണ്ടായിട്ടും കാര്യമുള്ളൂ എന്ന ചിന്താഗതിയാണ് ഏറെപ്പേര്‍ക്കും. ജീവിതം അപ്രതീക്ഷിതമായ തിരിച്ചടികള്‍ നല്‍കുമ്പോള്‍, ഇനി ഈ ജീവിതവുമായി മുന്‍പോട്ട് എന്തിനാ! ജീവന്‍ നശിപ്പിക്കാന്‍ തീരുമാനം എടുക്കുന്നു. വാര്‍ത്തകളില്‍ അല്ലെങ്കില്‍ കവലകളില്‍ ഒന്നോ രണ്ടോ ദിവസം നിറയുന്ന ചര്‍ച്ച, ‘ഇന്നയിടത്തെ ആളില്ലേ ഇന്നലെ കയറി……. ഇമ്മാതിരി ആത്മഹത്യ ചെയ്യാനും വേണ്ടി എന്തു പ്രശ്നമാണാവോ എന്നിങ്ങനെ പോകുന്നു പലരുടെയും അഭിപ്രായം.

മൂന്നിന്റെയന്നു ആ അഭിപ്രായവും നിലച്ചു,പലരുടെയും ഓര്‍മകളില്‍ മാത്രം ജീവിക്കാന്‍ വേണ്ടി വിധിക്കപ്പെട്ടവര്‍ ആകണമോയെന്നു ഓരോരുത്തരും ചിന്തിക്കുക. എന്റെ ജീവിതം എന്താ ഇങ്ങനെ, എന്നും ഓരോ പ്രശ്നം, സമാധാനമില്ല, നേരെ ചൊവ്വേയെന്നു ഉറങ്ങിയിട്ട് നാളു കുറെയായി, മടുത്തു,ആരുമില്ല എന്നൊക്കെയുള്ള തോന്നലില്‍ ഒരു നിമിഷം കൊണ്ടു എടുക്കുന്ന ബുദ്ധിശൂന്യത’ആത്മഹത്യാ ‘ ആ ഒറ്റ നിമിഷം തരണം ചെയ്യാന്‍ കഴിയാതെ പോയവര്‍, ഈ ലോകത്തില്‍, ഇച്ഛാശക്തി കൊണ്ടു നമുക്ക് നേടിയെടുക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. ഇന്നലെകളെ മറന്നു, നാളെയെ പ്രതി മുന്നോട്ടു പോകാന്‍ കഴിയുന്നിടത്താണ് വിജയം.

സത്യത്തില്‍ ‘ആത്മഹത്യ’ എന്ന പദം പോലും അര്‍ത്ഥശൂന്യത പടര്‍ത്തുന്നു. ആത്മാവിനെ തന്ന ഈശ്വരന് മാത്രമേ തിരികെയെടുക്കുവാനും കഴിയുള്ളു എന്ന വിശ്വാസം. ജീവിതത്തെ ഇല്ലായ്മ ചെയ്യുന്നു എന്നെ പറയാനാകൂ. ടെന്‍ഷന്‍ ആണ് മറ്റൊരു വില്ലന്‍, stress അനുഭവിക്കുന്നവര്‍, അകാരണമായ ഭയം, മനസ്സു തളരുന്നു എന്ന ചെറിയൊരു ഓര്മപ്പെടുത്തല്‍ പോലും അവഗണിക്കാതിരിക്കുക. ആരോടെങ്കിലും വിഷമങ്ങള്‍ പങ്കു വയ്ക്കുക. പരിഹരിക്കപ്പെടാന്‍ കഴിയാത്തതായി ഒന്നുമില്ല. കേട്ടിട്ടില്ലേ ജീവിതമൊരു യാത്രയാണ്, മുന്നോട്ടു പോകുമ്പോള്‍ ചില വഴികള്‍ പ്രയാസമേറിയതാണെങ്കില്‍, അതിനപ്പുറം നമ്മളെ കാത്തിരിക്കുന്ന നല്ല വഴികളുണ്ടെന്നതു മറന്നു പോകരുത്.

ഈ ജീവിതത്തിന്റെ താക്കോല്‍ അവരവരുടെ കയ്യിലാണ്, അതിലെ ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കാന്‍ നമുക്കല്ലാതെ മാറ്റാര്‍ക്കാണ് കഴിയുക. ജീവിതം അവസാനിപ്പിച്ചാല്‍ സ്വസ്ഥമായെന്ന മണ്ടത്തരം ദയവു ചെയ്താരും ചിന്തിക്കരുത്. നിങ്ങള്‍ അവശേഷിപ്പിച്ചു പോകുന്ന കുടുംബബന്ധങ്ങള്‍, ഉറ്റവര്‍, അവരുടെയൊക്കെ മനസ്സില്‍ ഒരു നോവ് പടര്‍ത്താം എന്നല്ലാതെ മറ്റെന്താണ് പ്രയോജനം. ജീവിതം മനോഹരമാക്കാന്‍ നിങ്ങള്‍ക്ക് കഴിയും, അണയുന്ന തീനാളങ്ങള്‍ക്കൊടുവില്‍, ഒരു കനലെങ്കിലും പ്രതീക്ഷയ്ക്ക്, ബാക്കിയാകുമെന്നു കരുതി മുന്നോട്ടു നടക്കുക ‘ആത്മഹത്യ ഒന്നിനും പരിഹാരമല്ല ‘