രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളുമാണ് യഥാർഥ വൈറസുകൾ- ഡോക്ടർ ബിജു

കോവിഡ് ഇന്ത്യയിൽ രണ്ടാം തരം​ഗത്തിലാണ്. കേരളത്തിലെ സ്ഥിതിയുംഭയാനകമാണ്. കുംഭ മേളയും തൃശ്ശൂർ പൂരവുമൊക്കെ ഈ കോവിഡ് കാലത്ത് നടത്തുന്നതിനെ വിമർശിച്ച് നിരവധിപ്പേരാണ് രം​ഗത്തെത്തുന്നത്. രാം ഗോപാൽ വർമ്മ, പാർവതി തിരുവൊത് , ഹരീഷ് പേരടി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ രൂക്ഷമായി പ്രതികരിക്കുകയാണ് സംവിധായകൻ ഡോ.ബിജു. ഇത്തരം ഗുരുതരമായ സാഹചര്യത്തിലും ഇത്തരം പരിപാടികൾക്ക് അനുവാദം നൽകുന്ന ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവപ്രേമികളുമാണ് യഥാർത്ഥ വൈറസുകളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിങ്ങനെ

ഇലക്ഷൻ മാമാങ്കം കഴിഞ്ഞു… ഇനി…. അവിടെ കുംഭ മേള… ഇവിടെ തൃശൂർ പൂരം…. എന്തു മനോഹരമായ നാട്. ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്. ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ. കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം

അതേസമയം കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമേ പൂരത്തിന് പാസ് ലഭിക്കുകയുള്ളൂ. നേരത്തെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഒരു ഡോസ് വാക്സിൻ എടുത്തവർ പൂരത്തിനെത്തുകയാണെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവായ സർട്ടിഫിക്കറ്റ് വേണം. കോവിഡ് കൂടിയ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാൻ പറ്റുന്ന സാഹചര്യത്തിലേ ആളുകളെ അനുവദിക്കൂ.